കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിക്കുറച്ചതുമൂലം ഡീസല്‍ ലാഭമുണ്ടായെന്ന് ടോമിന്‍ തച്ചങ്കരി

tomin

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ട സാഹചര്യത്തില്‍ സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ചുവെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. ഇതുമൂലം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നും സര്‍വീസ് വെട്ടിക്കുറച്ചതുമൂലം ഡീസല്‍ ലാഭമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസം 17 ലക്ഷം രൂപ വരെ ഡീസല്‍ ഇനത്തില്‍ ലാഭിച്ചു. അധിക ജോലിക്ക് അധിക ശമ്പളം നല്‍കുമെന്നും ജീവനക്കാരുടെ പൂര്‍ണ സഹകരണമുണ്ടെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ന് രാവിലെ 600ലേറെ സര്‍വീസുകള്‍ മുടങ്ങി. ഏറ്റവും കൂടുകല്‍ ബാധിച്ചത് എറണാകുളം മേഖലയെയാണ്. ശബരിമല സര്‍വീസ് മുടക്കമില്ലാതെ തുടരുന്നുണ്ട്.

അതേസമയം ഹൈക്കോടതി വിധിപ്രകാരം താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടതിന് പകരമായി കെഎസ്ആര്‍ടിസിക്ക് ആവശ്യത്തിന് കണ്ടക്ടര്‍മാരെ ലഭിക്കില്ല. 3861 താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലിസ്റ്റില്‍ നിയമനത്തിനായി കാത്തിരിക്കുന്നവര്‍ 1500ല്‍ താഴെ മാത്രമാണ്.

നിയമനം കാത്തിരിക്കുന്ന സജീവ ഉദ്യോഗാര്‍ത്ഥികള്‍ 700പേരെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പിഎസ് സി നോണ്‍ ജോയിനിങ് ഡ്യൂട്ടി അഡൈ്വസ് ലഭിച്ചത് 4051 പേര്‍ക്കാണ്. നിലവിലെ സ്ഥിരം കണ്ടക്ടര്‍മാരുടെ എണ്ണം 9000ല്‍ താഴെയെന്ന് വിവരാവകാശ രേഖ പറയുന്നു.

അതേസമയം കെ.എസ്.ആര്‍.ടി.സി.യുടെ 1763 സര്‍വീസുകള്‍ ചൊവ്വാഴ്ച മുടങ്ങി. പിരിച്ചുവിട്ട താത്കാലികക്കാര്‍ക്ക് പിന്തുണയുമായി സ്ഥിരംജീവനക്കാര്‍ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി.

Top