കെഎസ്ആർടിസി പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം വേണം; നാളെ മുതൽ പ്രതിഷേധം ശക്തമാകും

തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ സമരം നാളെ മുതൽ കൂടുതൽ ശക്തമാക്കാൻ തൊഴിലാളി സംഘടനകളുടെ തീരുമാനം. സി ഐ ടി യു നേതൃത്വത്തിൽ നാളെ ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധം നടത്തും. സമരം സി ഐ ടി യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കടക്കാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പള പ്രതിസന്ധി അടക്കം കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധർണാസമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് സമരം ശക്തമാക്കുന്നത്.

ഐ എൻ ടി യു സി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ്. സി ഐ ടി യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.

അതേസമയം കെ എസ് ആർ ടി സിയിൽ ഡ്രൈവർ കണ്ടക്ടർ മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകാൻ കഴിഞ്ഞിട്ടില്ല. സർക്കാറിൽ നിന്ന് 35 കോടി രൂപ അധിക സഹായം ലഭിച്ചാലേ ശമ്പളവിതരണം പൂർത്തിയാക്കാനാകൂ എന്നാണ് മാനേജ്മെൻറ് ഇപ്പോഴും പറയുന്നത്.

Top