കെഎസ്ആര്‍ടിസി ഡിപ്പോകളിലെ നിര്‍മാണ ക്രമക്കേട്; ചീഫ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

KSRTC

എറണാകുളം: കെഎസ്ആര്‍ടിസി ഡിപ്പോകളിലെ നിര്‍മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയര്‍ ആര്‍. ഇന്ദുവിനെ സസ്പെന്‍ഡ് ചെയ്തു. ഡിപ്പോ നിര്‍മാണ ക്രമക്കേടിനും നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനുമാണ് നടപടി. ആര്‍. ഇന്ദു കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിരുന്നു.

ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ആര്‍. ഇന്ദുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും ധനകാര്യ പരിശോധനാ വിഭാഗം സമര്‍പ്പിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തിലെ അപാകതകള്‍ കാരണം സര്‍ക്കാരിന് 1.39 കോടിയുടെ നഷ്ടമുണ്ടായതായായിരുന്നു കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുകയും ഇന്ദുവില്‍ നിന്ന് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകത ഉണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് ആര്‍.ഇന്ദു തുക അനുവദിച്ചിരുന്നു. കരാറുകാരന് തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെന്നായിരുന്നു ആരോപണം.

Top