പ്രതിഷേധം ഫലം കണ്ടു; അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് കെഎസ്ആര്‍ടിസി റദ്ദാക്കി

കോട്ടയം: ശമ്പളമില്ലാത്ത നാൽപത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ചതിന് വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി കെഎസ്ആർടിസി റദ്ദാക്കി. ശമ്പളം കിട്ടാതെ വന്നതോടെ ദുരിതത്തിലായി എന്ന് കാണിച്ച് വൈക്കം ഡിപ്പോയിലെ അഖില എസ് നായരാണ് ഡ്യൂട്ടിക്കിടെ പ്രതിഷേധിച്ചത്. അഖിലയുടെ പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് കെഎസ്ആർടിസി അഖിലയെ വൈക്കം ഡിപ്പോയിൽ നിന്നും പാലായിലേക്കാണ് സ്ഥലംമാറ്റിയത്. കെഎസ്ആർടിസിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.

കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സാമൂഹിക മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ ദയനീയാവസ്ഥ വലിയ ചർച്ചയാകുകയും ചെയ്തു.

അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റുന്നു എന്നുമാണ് കെഎസ്ആർടിസിയുടെ ഉത്തരവിൽ പറയുന്നത്. അഖിലയുടെ പ്രതിഷേധം സർക്കാരിനെയും മാനേജ്മെന്റിനെയും അപകീർത്തിപ്പെടുത്തിയെന്നതായിരുന്നു കെഎസ്ആർടിസിയുടെ നിലപാട്.

Top