ആലപ്പുഴയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരനടക്കം മൂന്ന് മരണം

accident

ആലപ്പുഴ: തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. മരിച്ച മൂന്നു പേരും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ്. വിജയകുമാര്‍(38)‍, വിനീഷ്(25) ,പ്രസന്ന(55) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് ട്രാവലറില്‍ മടങ്ങുകയായിരുന്നു ഇവര്‍. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. അപകടത്തിൽ മരിച്ചതും പരിക്കേറ്റവരും ടെംപോ ട്രാവലറിലെ യാത്രക്കാരാണ്. ഇവരെല്ലാം കണ്ണൂർ സ്വദേശികളാണെന്നാണ് വിവരം. വണ്ടിയിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം 11 പേരാണ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ രണ്ടായി നെടുകെ പിളർന്നു. ബസിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

Top