പുതുപ്പള്ളി വാഹനാപകടം: മരണം നാലായി; ചികിത്സയിലായിരുന്ന പത്തുവയസുകാരനും മരിച്ചു

deadbody

കോട്ടയം : കോട്ടയത്തിന് സമീപം പുതുപ്പള്ളിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരൻ അമിത് ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് കോട്ടയം വടക്കേക്കര എൽ.പി സ്കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ മുണ്ടക്കയം സ്വദേശിയായ ജിന്‍സ്(33), ജിന്‍സിന്റെ അമ്മാവന്‍ പത്തനംതിട്ട കവിയൂര്‍ ഇലവിനാല്‍ സ്വദേശി മുരളി(70) മകള്‍ ജലജ(40) എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതില്‍ ജലജയുടെ മകനാണ് ഇന്ന് മരിച്ച അമിത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമിതിന്‍റെ സഹോദരന്‍ അഷിന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പാമ്പാടിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. കാറിന്റെ മുൻഭാഗം പൂർണമായും തകര്‍ന്ന നിലയിലായിരുന്നു. അപകടത്തിൽപ്പെട്ട് കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാർക്കും നിസാര പരിക്കുകളുണ്ടായിരുന്നു. ജലജയുടെ മൃതദേഹം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും, മുരളി, ജിന്‍സ് എന്നിവരുടെ മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. വാകത്താനം പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Top