കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഇരുപത് പേര്‍ക്ക് പരിക്ക്

accident

പൊന്‍കുന്നം: പാലാപൊന്‍കുന്നം റോഡില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ പാലാ റോഡില്‍ ഒന്നാം മൈല്‍ വട്ടക്കാട്ട് വേ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. കുമളിയില്‍ നിന്ന് എറണാകുളത്തേക്കും പാലായില്‍ നിന്നു തിരുവനന്തപുരത്തേക്കും പോകുന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഇരു ബസുകളുടേയും മുന്‍വശം തകര്‍ന്നു. എറണാകുളം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ തൊടുപുഴ സ്വദേശി ടി.വി.രജീഷ്, പാലാ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ടി.ഒ.അരുണ് എന്നിവരേയും മറ്റു യാത്രക്കാരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയും മുഖവും സീറ്റിന് മുന്‍വശത്തുള്ള കമ്പിയില്‍ ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പൊന്‍കുന്നം പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top