ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലെത്തിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത കുറയ്ക്കുന്നതിനും കൂടുതല്‍ പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നതിനുമായി നിലവില്‍ ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന 3000 ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി 300 കോടി രൂപയുടെ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രീന്‍ മൊബിലിറ്റി എന്ന ആശയത്തിന് കൂടുതല്‍ കരുത്തേകുന്നതിനായി ഹൈഡ്രജന്‍ ബസുകളും നിരത്തുകളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് ബജറ്റില്‍ അനുമതി നല്‍കിയിട്ടുണ്ട്. ആദ്യ ചുവടുവയ്പ്പായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, സിയാല്‍ എന്നിവയുടെ സഹകരണത്തോടെ 10 ഹൈഡ്രജന്‍ ഫ്യുവല്‍ ബസുകളാണ് എത്തുന്നത്. ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം തൊഴില്‍ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പദ്ധതിയാണ് ഒരുക്കുന്നത്. ഫുഡ് ഡെലിവറി, പത്രവിതരണം, തുടങ്ങിയുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളും ഇലക്ട്രിക് ഓട്ടോയും നല്‍കുന്നതിനുള്ള വയ്പാ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും നിരത്തുകളില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് ഒരുക്കുന്നത്. ഇത്തരം വായ്പാ പലിശയുടെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. പലിശ ഇളവ് ഒരുക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തും.

പുതുക്കാട് കെ.എസ്.ആര്‍.ടി.സിയുടെ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. കിഫ്ബിയുമായി ചേര്‍ന്നായിരിക്കും കെ.എസ്.ആര്‍.ടി.സിയുടെ ഈ രണ്ട് പദ്ധതികളും നടപ്പാക്കുകയെന്നാണ് വിവരം.

 

Top