കെഎസ്എഫ്ഇ പരിശോധന; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലുറച്ച് ധനമന്ത്രി

തിരുവനന്തപുരം: കെഎസ്എഫ്ഇ പരിശോധന വിഷയത്തില്‍ ധനമന്ത്രിയും സിപിഎമ്മും നിലപാട് കടുപ്പിച്ചപ്പോള്‍ തുടര്‍ നടപടികള്‍ മയപ്പെടുത്താനുള്ള നീക്കത്തിലാണ് വിജിലന്‍സ്. പരിശോധന നടത്താനുള്ള അവകാശം വിജിലന്‍സിന് ഉണ്ടെങ്കിലും പരിശോധന വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും മുന്‍പ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതിനെ വിമര്‍ശിക്കുകയാണ് ധനമന്ത്രി. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.

വിജിലന്‍സ് മയപ്പെടുത്തുന്നതിന്‍രെ ഭാഗമായി ത്വരിത പരിശോധന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് കൈമാറുമെങ്കിലും ക്രമക്കേടുകളെ കുറിച്ചുള്ള കണ്ടെത്തലുകള്‍ പലതും ഒഴിവാക്കുമെന്നാണ് സൂചന. പരിശോധനയെ കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് ഇറക്കാനും സാധ്യതയില്ല. ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കാത്തിനാല്‍ പുറത്തുവന്ന വാര്‍ത്തകളെ ചോദ്യം ചെയ്ത് മിന്നല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ വെട്ടിലാക്കാനാണ് ധനവകുപ്പ് നീക്കം. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍ അവധിയതിനാല്‍ ഐജി എച്ച്.വെങ്കിടേഷിനാണ് ഡയറക്ടറുടെ ചുമതല. ഒരു മാസമായി ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നായിരുന്നു വിജിലന്‍സ് നിലപാട്.

Top