സാങ്കേതിക കാര്യങ്ങളില്‍ കോടതി ഇടപെടില്ല; വനിതാ സംവിധായകരുടെ പട്ടിക ശരിവെച്ചു

ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിനായി സാമ്പത്തിക സഹായം നല്‍കാന്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തെരെഞ്ഞെടുത്ത വനിതാ സംവിധായകരുടെ പട്ടിക സുപ്രീം കോടതി ശരിവെച്ചു. വിദഗ്ധ ജൂറി തയ്യാറാക്കിയ പട്ടികയില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2019-20 ബജറ്റിലാണ് സ്ത്രീ ശാക്തീകരണത്തിനായി വനിതാസംവിധായകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ സാമ്പത്തിക സഹായം നല്‍കേണ്ടവരെ കണ്ടെത്താന്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രഘുനാഥ് പാലേരിയെ ചെയര്‍മാനാക്കി ദീദി ദാമോദരന്‍, കുക്കു പാമേശ്വരന്‍, ഫൗസിയ ഫാത്തിമ, മനീഷ് നാരായണന്‍ എന്നിവരെ അംഗങ്ങളാക്കി പ്രത്യേക ജൂറി രൂപവത്കരിച്ചിരുന്നു.

അറുപത് സ്‌ക്രിപ്റ്റുകള്‍ പരിശോധിച്ച ജൂറി മൂന്ന് തിരക്കഥകള്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടിക തയ്യാറാക്കി.പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിസിറ്റിങ് പ്രൊഫസര്‍ അന്‍ജും രാജബലിയുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി, ഇതില്‍ നിന്ന് താര രാമാനുജന്‍, മിനി ഐ.ജി. എന്നിവരുടെ തിരക്കഥകള്‍ ധനസഹായം നല്‍കുന്നതിനായി തെരെഞ്ഞെടുത്തു. ഇതിനെതിരെ വിദ്യ മുകുന്ദനും മറ്റ് മൂന്നുപേരും നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

Top