കെ എസ് ഇ ബി ബോർഡ് വാഹനം സ്വകാര്യആവശ്യങ്ങൾക്ക് ഉപയോഗിച്ചു; എം ജി സുരേഷ് കുമാറിന് പിഴ

തിരുവനന്തപുരം: കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ നോട്ടിസ്.എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെ എസ് ഇ ബി ബോർഡ് വാഹനം ഉപയോഗിച്ചതിനാണ് പിഴ . 6,72,560 രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് കെ എസ് ഇ ബി ചെയർമാൻ നോട്ടിസ് അയച്ചിരിക്കുന്നത്. പ്രതികാര നടപടി ഉണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പിന് പിന്നാലെയാണ് പിഴ നോട്ടിസ്.

ഇതിനിടെ വൈദ്യുതി ബോർഡിലെ തർക്കം പരിഹരിക്കാനായി വൈദ്യുതി മന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമായില്ല. സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ ധൃതി പിടിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഇതിൽ കാലതാമസമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

സസ്‌പെൻഷൻ നടപടി നേരിട്ട ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സമര രംഗത്തുള്ളത്. ഇതിന്റെ ഭാഗമായി അസോസിയേഷൻ പ്രവർത്തകർ ഇന്നലെ വൈദ്യുത ഭവൻ വളയൽ സമരം നടത്തിയിരുന്നു. ഇന്നലെ വൈദ്യുതിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് നടന്നില്ല. തുടർന്നാണ് ഇന്ന് ചർച്ച വച്ചത്. ജീവനക്കാരുടെ സ്ഥലംമാറ്റം പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.

Top