വൈദ്യുതി നിരക്ക് വര്‍ധനവ് ആവശ്യപ്പെടാൻ കെഎസ്ഇബി; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

വൈദ്യുതി ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ചാര്‍ജ് കൂട്ടി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാധ്യതയില്ല. സ്ഥിതി ഗുരുതരമായതോടെ വൈദ്യുതി മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഉപഭോക്താക്കള്‍ക്ക് ഷോക്കാവും. ബോര്‍ഡ് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വിലയ്ക്ക് അനുപാതികമായി സര്‍ചാര്‍ജ് കൂട്ടാനാണ് നീക്കം. നാളെ മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തില്‍ ബോര്‍ഡ് ഇക്കാര്യം അറിയിക്കും. യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷനെ സമീപിക്കും.

ചൂട് കൂടിയതോടെ അതിസങ്കീര്‍ണമായ വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇന്നലെ ആകെ 101.38 ദശക്ഷം യൂണിറ്റാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം. തിങ്കളാഴ്ച 100.16 ദശലക്ഷം യൂണിറ്റായിരുന്നതാണ് പിറ്റേന്ന് വീണ്ടും വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പീക്ക് ടൈമില്‍ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ആവശ്യമായി വരുന്നത്. കേന്ദ്ര വിഹിതവും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനവുമെല്ലാം ചേര്‍ത്താല്‍ 4400 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് ഉള്ളത്. ഇതിന് അപ്പുറത്തേക്ക് ആവശ്യമുള്ള വൈദ്യുതി നിലവില്‍ കേന്ദ്ര പവര്‍ എക്‌സേഞ്ചില്‍ നിന്നാണ് കെഎസ്ഇബി വാങ്ങുന്നത് . 8 മുതല്‍ 12 രൂപ വരെയാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ചെലവ്. വരും ദിവസങ്ങളില്‍ വൈദ്യുത ഉപയോഗം കൂടുമെന്നാണ് കെ എസ് ഇ ബിയുടെ കണക്ക് കൂട്ടല്‍.

അങ്ങനെയെങ്കില്‍ ഭാരിച്ച ബാധ്യതയാകും ബോര്‍ഡിനുണ്ടാകുക. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധന അല്ലാതെ മറ്റ് വഴികളില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ലോഡ്‌ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തിയാല്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കില്ല. 2015 ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പുനസ്ഥാപിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കെഎസ്ഇബിക്ക് കൊടുക്കാനുള്ള കുടിശിക തീര്‍ക്കാത്തതാണ് മറ്റൊരു പ്രതിസന്ധി. വാട്ടര്‍ അതോരിറ്റി 2068.07 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ കുടിശികയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഇതിനായി കെഎസ്ഇബിയും വാട്ടര്‍ അതോരിറ്റിയും തമ്മില്‍ എസ്‌ക്രോ അക്കൗണ്ട് തുടങ്ങും. പകരം വാട്ടര്‍ അതോരിറ്റിയുടെ പ്ലാന്‍ ഗ്രാന്‍ഡ് ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ പണം തിരിച്ച് പിടിക്കാനും നീക്കമുണ്ട്.

 

Top