ഉപയോക്താവില്‍ നിന്നും അമിത തുക ഈടാക്കിയ സബ് എഞ്ചിനീയറെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തു

ചെങ്ങന്നൂര്‍: വൈദ്യുതി കണക്ഷന്‍ നല്‍കിയതിന് ഉപയോക്താവില്‍ നിന്നും അമിത തുക വാങ്ങിയ ശേഷം വൈദ്യുതി ബോര്‍ഡില്‍ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയ സബ് എന്‍ജിനീയറെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ എന്‍. ഷിബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ മാസം നഗരസഭ 24ാം വാര്‍ഡില്‍ നരേന്ദ്രഭൂഷണ്‍ റോഡിലുള്ള ബഹുനില കെട്ടിടത്തിനു വൈദ്യുത കണക്ഷന്‍ നല്‍കാനെന്ന വ്യാജേന സബ് എഞ്ചിനീയര്‍ 50000 രൂപ ഉപയോക്താവില്‍ നിന്നു വാങ്ങിയിരുന്നു. എന്നാല്‍ ഈ തുകയില്‍ നിന്ന് 15,265 രൂപ മാത്രമാണ് കണക്ഷന്‍ ചാര്‍ജ്, സര്‍വീസ് വയറിനുള്ള തുക എന്നീ ഇനങ്ങളില്‍ ബോര്‍ഡില്‍ അടച്ചത്.

നരേന്ദ്രഭൂഷണ്‍ റോഡില്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ വൈദ്യുത പോസ്റ്റ് സ്ഥാപിക്കുന്നെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സബ് എന്‍ജിനീയര്‍ നേരത്തെയും മൂന്ന് തവണ സസ്‌പെന്‍ഷന് വിധേയനായിട്ടുണ്ട്.

Top