യൂണിറ്റിന് 2.91 രൂപയ്ക്ക് വൈദ്യുതി വിറ്റഴിച്ച് കെഎസ്ഇബി

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബി വില്‍ക്കുകയാണ്. യൂണിറ്റിന് 2.91 രൂപയ്ക്കാണു വില്‍പന. 40 ലക്ഷത്തോളം യൂണിറ്റ് ഇന്നലെ വിറ്റു. വെള്ളിയാഴ്ച 34.05 ലക്ഷം യൂണിറ്റും വ്യാഴാഴ്ച 18.7 ലക്ഷം യൂണിറ്റും വിറ്റു. ആവശ്യക്കാര്‍ കുറവായതാണു വില കുറയാന്‍ കാരണം. അതേസമയം, ദീര്‍ഘ കാല കരാര്‍ പ്രകാരം കേരളം വാങ്ങുന്ന വൈദ്യുതി വേണ്ടെന്നു വയ്ക്കാനാകില്ല.

ഇന്നലെ 10.1 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണു മൂലമറ്റം നിലയത്തില്‍ ഉല്‍പാദിപ്പിച്ചത്. ശരാശരി 4.34 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉല്‍പാദനം. 6 ജനറേറ്ററുകളില്‍ 4 എണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ജലനിരപ്പ് ഉയര്‍ന്നാല്‍ അടുത്തയാഴ്ച ഉല്‍പാദനം ഇനിയും കൂട്ടും.

Top