മഴക്കെടുതി; ജീവനക്കാരുടെ അവധി റദ്ദാക്കി, പ്രതിസന്ധികള്‍ നേരിടാന്‍ കെഎസ്ഇബി ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയുടെ സാഹചര്യത്തില്‍ പ്രതിസന്ധികള്‍ നേരിടാന്‍ കെഎസ്ഇബി ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങിയ വലിയ അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കലും ചര്‍ച്ചയാകും.

വൈകിട്ട് മൂന്നുമണിക്ക് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗവും നാലിന് വിതരണ വിഭാഗത്തിലെ മുഴുവന്‍ എക്സിക്യുട്ടിവ് എഞ്ചിനീയര്‍മാരുടെ യോഗവും വിളിച്ചിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവധികള്‍ റദ്ദാക്കി വിതരണ വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും ചുമതലകള്‍ നിര്‍വഹിക്കാന്‍ കെഎസ്ഇബി നിര്‍ദേശിച്ചു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്നു. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും തിരുവനന്തപുരം ജില്ലയിലെ അണക്കെട്ടുകളില്‍ കക്കിയില്‍ മാത്രമാണ് നേരിയ ആശങ്കയുള്ളതെന്നും ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.

ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കെഎസ്ഇബി, ജലസേചന വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ ഫോഴ്സ്, ലാന്‍ഡ് റെവന്യു കണ്ട്രോള്‍ റൂമുകളുമായും ആശയവിനിമയം നടത്തിവരികയാണ്.

Top