സംസ്ഥാനത്തെ മഴക്കെടുതി മൂലം കെഎസ്ഇബിക്ക് നഷ്ടം 13.67 കോടി രൂപ

kseb

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കെഎസ്ഇബി. പത്തനംതിട്ട, പാല, തൊടുപുഴ മേഖലകളിലാണ് നഷ്ടം സംഭവിച്ചത്. 60 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകളും തകരാറിലായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായിട്ടുണ്ട്.

മഴക്കെടുതിയില്‍ 11 കെവി ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും. മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതില്‍ രണ്ടരലക്ഷത്തോളം കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളില്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകള്‍ പുനസ്ഥാപിക്കും.

മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തല്‍ക്കാലം തുറന്നുവിടില്ല. 19 അണക്കെട്ടുകളിലും ശരാശരി 90 ശതമാനത്തോളം വെള്ളമുണ്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കൂട്ടാന്‍ തമിഴാനാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

പറമ്പിക്കുളം അണക്കെട്ടിലെ ജലനരിപ്പ് ക്രിമീകരിക്കാനും ആവശ്യപ്പെട്ടു. മഴ ശക്തമായതോടെ വൈദ്യുതി ആവശ്യത്തില്‍ കുറവ് വന്നിട്ടുണ്ട്. പ്രതിദിന ഉപഭോഗം 3400 മെഗാവാട്ടാണ്. പീക് ടൈമിലെ വൈദ്യുതി ലഭ്യത കുറവ് 50 മെഗാവാട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ നിലവില്‍ കാര്യമായ വൈദ്യുതി പ്രതിസന്ധിയില്ല. ജലവൈദ്യുത പദ്ധതികളില്‍ നിന്നും പരമാവധി ഉത്പാദനം നടത്തുന്നുണ്ട്.

Top