ബില്‍ അടയ്ക്കാന്‍ മറന്ന ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ‘ഫ്യൂസ് ഊരി’ കെ.എസ്.ഇ.ബി

കൊച്ചി: എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിന്റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഊരി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ വൈദ്യുതി ഇല്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് അന്വേഷിച്ചപ്പോഴാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരികൊണ്ടു പോയതായി അറിഞ്ഞത്. 759 രൂപയുടെ വൈദ്യുതി ബില്‍ അടയ്ക്കാത്തതാണ് കാരണം. വാടക വീടായതിനാല്‍ ഉടമസ്ഥന്റെ പേരിലാണ് ബില്‍ വരുന്നത്. അതിനാല്‍ അവിടുത്തെ താമസക്കാരനെ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞില്ല. പിന്നീട് ബില്‍ അടച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫ്യൂസ് തിരികെ നല്‍കി.

സാധാരണ മുന്‍കൂറായി പണം അടയ്ക്കാറാണ് പതിവ്, ഇത്തവണ അത് മറന്നു. ഇതാണ് ആശയകുഴപ്പം ഉണ്ടാക്കിയതെന്നും കൃത്യമായി ഉത്തരവാദിത്വം നിര്‍വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും രാജഗോപാല്‍ അറിയിച്ചു.

Top