അര നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന സാഹചര്യം, ഡാമുകള്‍ തുറക്കുക നിയന്ത്രണങ്ങളോടെ

തിരുവനന്തപുരം: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറക്കുന്നത് നിയന്ത്രണങ്ങളോടെ എന്ന് കെഎസ്ഇബി ചെയര്‍മാന്‍ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളില്‍ ഒക്ടോബറില്‍ ഇത്രയും വെള്ളം എത്തുന്നത് അപൂര്‍വമായാണ്. 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന സാഹചര്യമാണിതെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.

നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്കാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായത്. രണ്ട് ഷട്ടറുകള്‍ 50 സെ.മീ വീതം ഉയര്‍ത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.

ജില്ലാ ഭരണകൂടം ഇടുക്കി അണക്കെട്ടിനു സമീപ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, എറണാകുളം ഇടമലയാര്‍ ഡാം നാളെ രാവിലെ ആറ് മണിക്ക് തുറക്കാണ് തീരുമാനം. രണ്ട് ഷട്ടറുകളായിരിക്കും തുറക്കുക. 80 സെ.മി വീതമാകും ഷട്ടറുകള്‍ തുറക്കുകയെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

ഡാം തുറക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ആലുവ, പറവൂര്‍ മേഖലകളെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡാം കൂടി തുറക്കുന്ന സാഹചര്യത്തില്‍ അതനുസരിച്ചുള്ള ക്രമീകരണം ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ ജാഫര്‍ മാലിക് കൂട്ടിച്ചേര്‍ത്തു.

Top