‘ഇനി കോടതിയെ ബഹിഷ്‌കരിക്കുമോ?’; ഇപി ജയരാജനെ ട്രോളി ശബരീനാഥന്‍

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിനു പിന്നാലെ ‘ട്രോളു’മായി കെ എസ് ശബരീനാഥൻ. ഇപി ജയരാജന്റെ ചിത്രം പങ്കുവച്ച്, ‘ഇനി കോടതിയെ ബഹിഷ്‌കരിക്കുമോ?’ എന്ന ചോദ്യമാണ് ശബരീനാഥൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വിമാനത്തിലെ പ്രതിഷേധത്തിൽ ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ജയരാജൻ ഇൻഡിഗോയെ ബഹിഷ്‌കരിച്ചിരുന്നു.

വിമാനത്തിലെ പ്രതിഷേധക്കേസിലെ പ്രതികളുടെ ഹർജിയെ തുടർന്ന് ഇപി ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിനെതിരെയും എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചു. ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇപി ജയരാജൻ മർദിച്ചതായി ഹർജിയിൽ പറയുന്നു. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

 

Top