‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’; ചിത്രം റിലീസിനൊരുങ്ങുന്നു

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സാനിയ ഇയ്യപ്പനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിര്‍മാതാവ് സന്തോഷ് ദാമോദര്‍, ജോയി വാല്‍ക്കണ്ണാടി, ഷെറിന്‍, ജോമോന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എന്റെ മെഴുതിരി അത്താഴങ്ങള്‍, പാവ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ സൂരജ് ടോമും നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’.

ജിത്തു ദാമോദറാണ് ഛായാഗ്രാഹണം. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് എന്ന ബാനറില്‍ ഒരു കോമഡി പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലറായാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ ഒരുങ്ങുന്നത്. ഹോം നഴ്‌സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനനാണ് ഈ ചിത്രത്തിനായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്.

ഹരി നാരായണനാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.റിച്ചാര്‍ഡ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ബാഹുബലി, പത്മാവതി തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്ത ജെസ്റ്റിന്‍ ജോസാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. ചിത്രസംയോജനം കിരണ്‍ ദാസും പ്രൊഡക്ഷന്‍ ഡിസൈനര്‍ എം. ബാവയുമാണ്.

ആരതി ഗോപാലാണ് കോസ്റ്റ്യൂം ഡിസൈന്‍, നജില്‍ അഞ്ചല്‍ മേക്കപ്പും രതീഷ് എസ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. അഷ്‌റഫ് ഗുരുക്കളാണ് സംഘട്ടനം. മഹേഷ് മഹി മഹേശ്വറാണ് സ്റ്റില്‍സ് ഒരുക്കുന്നത്. ആര്‍ട്ടോ കാര്‍പസാണ് പബ്ലിസിറ്റി ഡിസൈന്‍സ്. ചിത്രം ഏപ്രില്‍ മാസത്തില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ZEE കേരളത്തിലൂടേയും, ZEE5 ഒടിടി റിലീസായും പ്രദര്‍ശനത്തിനെത്തിക്കും. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്.

Top