‘ഇടതുമുന്നണിക്ക് ഭരിക്കാന്‍ അറിയില്ല,ആകെ അറിയാവുന്നത് സമരവും അക്രമവും’;പി കെ കൃഷ്ണദാസ്

കാസര്‍കോട്: ഇടതുമുന്നണിക്ക് ഭരിക്കാന്‍ അറിയില്ലെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ആകെ അറിയാവുന്നത് സമരവും അക്രമവുമാണെന്നും കൃഷ്ണദാസ് പറഞ്ഞു.പ്ലാന്‍ ബി ആണ് ആദ്യം നടപ്പിലാക്കേണ്ടത്. പിണറായി സര്‍ക്കാര്‍ പ്ലാന്‍ ബി വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരാണ് കേരളത്തിലേത്. സ്വര്‍ണ്ണ കള്ളക്കടത്ത്, മാസപ്പടി അഴിമതി അങ്ങനെ അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍. മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. മുഖ്യമന്ത്രി മാസങ്ങള്‍ക്കുള്ളില്‍ ജയിലിനകത്ത് പോയാല്‍ അത്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രിയും കുടുംബവും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

ഡല്‍ഹിയില്‍ സമരം നടത്തുകയല്ല വേണ്ടത്, പകരം തിരുവനന്തപുരത്ത് ഭരണം നടത്തുകയാണ് വേണ്ടത്. സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കൃഷ്ണദാസ് പറഞ്ഞു. ഡല്‍ഹിയില്‍ ഇടത് സര്‍ക്കാര്‍ നടത്തുന്നത് ഭരിക്കാന്‍ അറിയില്ല എന്ന തുറന്ന പ്രഖ്യാപനമാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. ഭരണ പരാജയം മൂടി വയ്ക്കാനുള്ള നാടകമാണ് ഡല്‍ഹിയില്‍ നടകുന്നത്. വികസനത്തില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണെന്നും കൃഷ്ണദാസ് അവകാശപ്പെട്ടു.

Top