ആലപ്പുഴ കളക്ടറുടെ ആദ്യശമ്പളം ആതുരസേവനത്തിന്; മാതൃകയായി കൃഷ്ണ തേജ

ആലപ്പുഴ: ആലപ്പുഴ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ശമ്പളം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൈമാറി കൃഷ്ണ തേജ ഐ എ എസ്. ആലപ്പുഴ ജില്ലയിൽ ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന ‘സ്‌നേഹജാലകം’ എന്ന കൂട്ടായ്മയ്ക്കാണ് കളക്ടർ തുക കൈമാറിയത്. കിടപ്പുരോഗികൾ ഉൾപ്പടെ ദിവസവും 150ഓളം പേർക്കാണ് സ്‌നേഹജാലകം സൗജന്യമായി ഭക്ഷണം എത്തിക്കുന്നത്. കയ്യിൽ പണമില്ലെങ്കിലും ആർക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാമെന്നും കളക്ടർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഓ​ഗസ്റ്റ് 3നാണ് വി ആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തത്. വിവാദത്തിലായ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തുനിന്ന് മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ജില്ലാ കളക്ടറായി നിയമിതനായി ദിവസങ്ങൾക്കുള്ളിൽ ത്നനെ സമൂഹമാധ്യമങ്ങളിൽ ഏറെ പിന്തുണ കൃഷ്ണതേജയ്ക്ക് ലഭിച്ചിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…

ആലപ്പുഴ ജില്ലയിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുന്ന കൂട്ടായ്മയാണ് സ്‌നേഹജാലകം. കിടപ്പ് രോഗികൾ ഉൾപ്പടെ ദിവസവും 150 ഓളം പേർക്കാണ് ഇവർ സൗജന്യമായി ഭക്ഷണം എത്തിച്ച് നൽകുന്നത്. കയ്യിൽ പണമില്ലെങ്കിലും ആർക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാം. വളരെ വർഷങ്ങളായി എനിക്ക് ഇവരുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാവുന്നതാണ്. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള എന്റെ ആദ്യ മാസത്തെ ശമ്പളം ഇവരുടെ മഹത്തായ പ്രവർത്തനങ്ങൾക്കൊരു ചെറിയ സഹായമെന്ന രീതിയിൽ ഇന്ന് കൈമാറി. സ്‌നേഹജാലകം പ്രസിഡന്റ് ശ്രീ.എൻ.പി. സ്‌നേഹജൻ, സെക്രട്ടറി ശ്രീ. ആർ. പ്രവീൺ, ട്രഷറർ ശ്രീ. വി.കെ. സാനു, പ്രവർത്തകരായ ശ്രീ. ജോയ് സെബാസ്റ്റ്യൻ, ശ്രീ. ജയൻ തോമസ് എന്നിവർ ചേർന്നാണ് ചെക്ക് ഏറ്റുവാങ്ങിയത്. ഇത്തരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന എല്ലാവർക്കും എന്റെ ആശംസകൾ.

Top