ഫ്രോഡ് എന്ന വിളിയും കുറേ ഓമനപ്പേരുകളും നല്‍കിയ ആ നടനെ മറക്കില്ല;സംവിധായകന്‍ മനസു തുറക്കുന്നു

krish

ലപ്പീപ്പി എന്ന ചിത്രമൊരുക്കിയ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമള്‍ തന്റെ പുതിയ ചിത്രമായ ആഷിഖ് വന്ന ദിവസത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്ത്. പെരുന്നാള്‍ റിലീസായ ചിത്രം തിയേറ്ററുകളിലെത്തുന്നത് ഇന്നാണ്.

സ്വന്തം ചിത്രം തിയറ്ററുകളിലെത്തുന്നത് സമൂഹ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ സംവിധായകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. സിനിമയുടെ നിര്‍മാതാവ് കാണിച്ച എല്ലാ അപമര്യാദകള്‍ക്കും സഹപ്രവര്‍ത്തകരോട് താന്‍ ക്ഷമ ചോദിക്കുന്നുവെന്നും കൃഷ് പറയുന്നു.

കൃഷ് കൈമളിന്റെ കുറിപ്പ്:

ഓലപ്പീപ്പിയ്ക്ക് ശേഷം ഞാന്‍ എഴുതി, ഛായാഗ്രഹണവും സംവിധാനവും ചെയ്ത ‘ആഷിഖ് വന്ന ദിവസം’ നാളെ തിയേറ്ററുകളില്‍ എത്തുന്നുവെന്ന് സോഷ്യല്‍ മീഡിയ വഴി അറിയാന്‍ കഴിഞ്ഞു. വളരെ സന്തോഷമുണ്ട്. എന്ത് തരും എന്ന് ചോദിക്കാതെ, കഥ പോലും കേള്‍ക്കാതെ, എന്നോടുള്ള വിശ്വാസത്തിന്റെ പേരില്‍ അഭിനയിക്കാന്‍ ഓടി വന്ന എന്റെ പ്രിയ സുഹൃത്ത് പ്രിയാമണിയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതുപോലെ യാത്രാക്കൂലി പോലും ചോദിക്കാതെ വന്ന് അഭിനയിച്ചിട്ടു പോയ എന്റെ സുഹൃത്തുക്കളായ സംവിധായകന്‍ മനു സുധാകര്‍, സ്റ്റാജന്‍ അരുണ്‍ പുനലൂര്‍, നസീര്‍, ശ്രീഹരി, ജബ്ബാര്‍ ചെമ്മാട്, രാമചന്ദ്രന്‍, ജയന്‍ നാണപ്പന്‍ കൂടാതെ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ ആയ കലാഭവന്‍ ഹനീഫ്, അന്‍സാര്‍ തുടങ്ങി ഓരോ അഭിനേതാക്കള്‍ക്കും എന്റെ പ്രത്യേക നന്ദി.

തുച്ഛമായ പ്രതിഫലവും, റേഷന്‍ ഭക്ഷണവും കഴിച്ച് എന്റെ കൂടെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്ത സഹപ്രവത്തകരോട് നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല. എഡിറ്റര്‍ ബാബുരത്‌നം, കലാസംവിധായകന്‍ മനോജ് നാഡി, സംഗീത സംവിധായകന്‍ മാത്യു പുളിക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിച്ച ഹൃദയ്, എന്റെ സഹസംവിധായകര്‍ വിമല്‍ പ്രകാശ്, ജംനാസ് മുഹമ്മദ്.. നിങ്ങളോട് നിര്‍മ്മാതാവ് കാണിച്ച എല്ലാ അപമര്യാദകള്‍ക്കും ഞാന്‍ ക്ഷമ ചോദിയ്ക്കട്ടെ.

നിര്‍മാതാവും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രവുമായ ശ്രീ നാസ്സര്‍ ലത്തീഫിനോടും രണ്ടു വാക്ക്.. താങ്കള്‍ തന്ന ഒരു ചെറിയ ബജറ്റില്‍ നിന്നുകൊണ്ട് എന്റെ പരിമിതമായ എല്ലാ കഴിവുകളും ഉപയോഗിച്ച് ഞാന്‍ ഈ ചിത്രം തീര്‍ത്ത് തന്നിട്ടുണ്ട്. ജോലികള്‍ എല്ലാം ചെയ്യാന്‍ വേണ്ടി താങ്കള്‍ എനിക്കു തന്ന ഒരു ലക്ഷം രുപയും കുറെ തെറി വിളികളും ഫ്രോഡ് എന്ന ഓമനപ്പേരും എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. താങ്കള്‍ എനിക്ക് ഒരു വലിയ പാഠമാണ്. താങ്കളുടെ സുഹൃത്ത് ഇസ്മയിലിനെ സാക്ഷിനിര്‍ത്തി റിലീസിന് മുമ്പ് തരാമെന്ന് പറഞ്ഞ ബാക്കി തുക, താങ്കള്‍ വിശ്വസിയ്ക്കുന്ന സര്‍വ്വശക്തനായ അള്ളാഹുവിന്റെ അടുത്തേക്കുള്ള താങ്കളുടെ അന്ത്യയാത്രയില്‍ വഴി ചിലവിനായി ഉപകാരപ്പെടട്ടെ. പ്രിയ സുഹൃത്തുക്കളേ, ഈ ചെറിയ ചിത്രം നിങ്ങള്‍ തിയേറ്ററില്‍ വന്നു കണ്ടാല്‍, ഞാനടക്കം ഈ ചിത്രത്തിനുവേണ്ടി സഹകരിച്ച, പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം അതായിരിക്കും.

ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നതും കൃഷ് കൈമള്‍ തന്നെയാണ്.

Top