കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവെച്ചു

തിരുവനന്തപുരം: ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന, കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. രാജിക്കത്ത് നല്‍കിയതായും എന്നാല്‍ ഇതിനു വിവാദങ്ങളുമായി ബന്ധമില്ലെന്നും ശങ്കര്‍ മോഹന്‍ അറിയിച്ചു. കാലാവധി തീര്‍ന്നതിനാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.

ശങ്കര്‍ മോഹനെതിരെ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 48 ദിവസത്തിലേക്കു കടന്നിരിക്കെയാണ് രാജി. ഭരണപക്ഷത്തുനിന്ന് ഉള്‍പ്പെടെ സംഘടനകള്‍ ശങ്കര്‍ മോഹനെതിരെ രംഗത്തുവന്നിരുന്നു. രാജിക്കത്ത് ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലും നല്‍കിയതായി ശങ്കര്‍ മോഹന്‍ പറഞ്ഞു.

ഇതിനിടെ ശങ്കര്‍ മോഹനെ ശക്തമായി പിന്തുണച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ കൂടിയായ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തി. ശങ്കര്‍ മോഹനെ പിന്തുണച്ചതിന് രൂക്ഷമായ വിമര്‍ശനമാണ് അടൂരിനു നേരെ ഉയര്‍ന്നത്.

Top