കെപിസിസിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക; ടി.സിദ്ദിഖ് വര്‍ക്കിങ് പ്രസിഡന്റാകും

ന്യൂഡല്‍ഹി: കെപിസിസിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക. 130 ഭാരവാഹികളുടെ പേരടങ്ങിയ പട്ടിക ഹൈക്കമാന്‍ഡ് നേതൃത്വത്തിന്റെ അന്തിമഅനുമതിക്കായി സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ക്കിങ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും അടക്കം ആകെ 130 പേരുടെ പട്ടികയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമവായമുണ്ടായത്.ബുധനാഴ്ച തന്നെ പുതിയ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയേക്കും.

നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷും കെ.സുധാകരനും തല്‍സ്ഥാനത്ത് തുടരും. ഇവര്‍ക്ക് പുറമേ വി.ഡി.സതീശന്‍, പി.സി.വിഷ്ണുനാഥ്, കെ.വി.തോമസ്, ടി. സിദ്ദിഖ് എന്നിവരും വര്‍ക്കിങ് പ്രസിഡന്റുമാരാകും.ടി.സിദ്ദിഖിന് പകരം യു. രാജീവന്‍ മാസ്റ്റര്‍ കോഴിക്കോട് ഡി സി സി പ്രസിഡന്റാകും എന്നാണ് സൂചന. തൃശ്ശൂരില്‍ മുന്‍ എംഎല്‍എ എം വിന്‍സന്റ് ഡിസിസി അധ്യക്ഷനാവാനാണ് സാധ്യത.

Top