കേരള സര്‍വ്വകലാശാലയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം : നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ഉള്‍പ്പടെയുള്ള നേതാക്കളെ അതി ഭീകരമായി മര്‍ദ്ദിച്ച പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.

പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത ഷാഫി പറമ്പില്‍ എം.എല്‍.എയെയും പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതായും അദ്ദേഹം ആരോപിച്ചു.

കേരള സര്‍വ്വകലാശാലാ പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി രാഷ്ട്രീയ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി സ്വന്തക്കാര്‍ക്കും, ബന്ധുക്കള്‍ക്കും സ്ഥാപിത താല്‍പര്യക്കാര്‍ക്കും മാര്‍ക്ക് ദാനം ചെയ്യുന്ന കേരള സര്‍വ്വകലാശാലയെ കേരള സര്‍ക്കാര്‍ പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ അനീതിയ്‌ക്കെതിരെ സമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതച്ച പോലീസിന്റെ ക്രൂരമായ നടപടി അംഗീകരിക്കാനാവില്ല. കേരളത്തിലെ പോലീസിനെ കയറൂരിവിട്ട് കെ.എസ്.യു പ്രവര്‍ത്തകരെയാകമാനം തല്ലിച്ചതച്ച് സമരം അടിച്ചമര്‍ത്താമെന്ന കേരളം ഭരിക്കുന്ന പിണറായി വിജയന്റെ മോഹം നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

വിദ്യാര്‍ത്ഥികളെ മൃഗീയമായി തല്ലിച്ചതച്ചും, ജലപീരങ്കിയും ഗ്രനേഡും ഉള്‍പ്പടെ പ്രയോഗിച്ചും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുന്ന പിണറായിയുടെ ഫാസിസ്റ്റ് ഭരണം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി വ്യക്തമാക്കി.

കേരള സര്‍വ്വകലാശാലയില്‍ നടന്ന ഗുരുതരമായ പരീക്ഷാ തട്ടിപ്പിനക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കെ.എസ്.യു ഇന്ന് മാര്‍ച്ച് നടത്തിയത്.

Top