നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ കുട്ടികൾക്ക് കെപിസിസി സഹായം നൽകും : മുല്ലപ്പള്ളി

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീക്കൊളുത്തി മരിക്കാനിടയാക്കിയ സംഭവം സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ദമ്പതികളുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. മേല്‍ക്കോടതി നടപടി വരുന്നതുവരെ സാവകാശം നല്‍കാതെ പൊലീസ് നടത്തിയ മനഃപൂര്‍വ്വമായ നരഹത്യയാണിത്. ഇരുവരുടെയും മരണത്തിന് കാരണമായ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കുടിയൊഴിപ്പിക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

പൊലീസ് അവധാനതയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സമൂഹത്തിന്റെ നൊമ്പരമായി മാറിയ ആ രണ്ട് കുട്ടികളുടെ മതാപിതാക്കള്‍ക്ക് ജീവന്‍ നഷ്ടമാക്കില്ലായിരുന്നു.അച്ഛന്റേയും അമ്മയുടേയും വേര്‍പാടില്‍ ദുഃഖിക്കുന്ന കുട്ടികള്‍ക്ക് കെപിസിസി സഹായം നല്‍കും. നാളെ നടക്കുന്ന ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം അത് കെപിസിസി പ്രഖ്യാപിക്കുകയും അന്ന് തന്നെ അത് കൈമാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു.രാജന്റെയും അമ്പിളിയുടെയും നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കരയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം വാഹനം കയറി യുവാവിന് ജീവന്‍ നഷ്ടമായതും പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്ന് മറ്റൊരു യുവാവ് ആത്മഹത്യ ചെയ്തതും കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top