കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടായെന്ന് കെപിസിസി. പോളിംഗ് ഏജന്റുമാര്‍ക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് മാറ്റണം എന്ന് കെപിസിസി ആവശ്യപ്പെട്ടെന്ന് ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സിഎഎക്കെതിരെ മോദിയുടെയും അമിത് ഷായുടെയും കോലങ്ങള്‍ കത്തിച്ചതാണ് ഗൗരവമായ കേസുകളായി സര്‍ക്കാര്‍ കാണുന്നതെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഇത്തവണയും ബിജെപി അകൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി മോദി എത്ര തവണ കേരളത്തില്‍ വരുന്നോ, അതിനനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം വര്‍ധിക്കും. അതുകൊണ്ട് കൂടുതല്‍ തവണ മോദി വരണമെന്നും ചെന്നിത്തല പറഞ്ഞു.

വാജ്‌പേയി സര്‍ക്കാരിനുണ്ടായ അതേ ഗതിയാവും രണ്ടാം മോദി സര്‍ക്കാറിനും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ സംസാരിച്ചത് കോണ്‍ഗ്രസ് ആണ്. അക്കാര്യത്തില്‍ പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് വേണ്ട. ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെങ്കില്‍ സ്റ്റാഫിനോട് ആരോടെങ്കിലും ചോദിച്ചെങ്കിലും മുഖ്യമന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Top