kpcc- suported-k babu

k babu

തിരുവനന്തപുരം :വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ ബാബുവിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനം. വി.എം സുധീരനും യോജിച്ചതോടെ ഏകകണ്ഠമായാണ് സമിതി തീരുമാനത്തിലെത്തിയത്.

14 ഡിസിസി പ്രസിഡന്റുമാരേയും ഉടനടി മാറ്റാനും രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമായി.എ, ഐ ഗ്രൂപ്പുകള്‍, സുധീരന്‍ അനുകൂലികള്‍ എന്നിവര്‍ക്കൊപ്പം ഹൈക്കമാന്‍ഡ് പ്രതിനിധികളും പങ്കെടുത്ത ആദ്യ യോഗത്തിലാണ് കെ. ബാബുവിന് രാഷ്ട്രീയ പിന്തുണ നല്‍കാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്.

ബാബുവിനെതിരെ നേരത്തെ പരസ്യ നിലപാടെടുത്ത കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്‍, നിലപാട് മയപ്പെടുത്തിയതും ശ്രദ്ധേയമായി. പാര്‍ട്ടിക്കുള്ളിലെ അനൈക്യം ഘടക കക്ഷികള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, അത് ഹൈക്കമാന്‍ഡ് വരെ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാബുവിന് പിന്തുണ നല്‍കി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ നേതാക്കള്‍ തയ്യാറായത്.

പാര്‍ട്ടി പുനഃസംഘടനയുടെ കാര്യത്തിലും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അംഗീകരിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിതരായി.14 ഡിസിസി അധ്യക്ഷന്മാരേയും മാറ്റാനുള്ള പട്ടിക ഈ മാസം തന്നെ നല്‍കാനാണ് എ.ഐ.സി.സി നിര്‍ദ്ദേശം.

മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി അച്ചടക്ക സമിതി രൂപീകരിക്കാനും തീരുമാനമായി. 10 മണിക്കൂര്‍ പിന്നിട്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി സുപ്രധാന തീരുമാനങ്ങളില്‍ എത്തിയത്.

Top