ഒറ്റപദവി നിര്‍ദ്ദേശം ഒഴിവാക്കി; കെപിസിസി ഭാരവാഹി പട്ടികയില്‍ അന്തിമധാരണ

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടികയില്‍ അന്തിമധാരണയായി. മൂന്നു ദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലും വ്യക്തമായ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണു നൂറോളം പേരുടെ പഴയ പട്ടികയില്‍ വളരെ ചെറിയ കുറവു മാത്രം വരുത്തി വീണ്ടും ഹൈക്കമാന്‍ഡിനെ സമീപിച്ചത്.

90 മുതല്‍ 100വരെ ഭാരവാഹികള്‍ പട്ടികയില്‍ ഇടംപിടിച്ചു. 30 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം ഒഴിവാക്കി. തൃശൂര്‍ ഡിസിസി അധ്യക്ഷനെയും ഇതോടൊപ്പം പ്രഖ്യാപിക്കും.

കെപിസിസി പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവിയെച്ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നു.എം പിമാരായ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും വര്‍ക്കിങ് പ്രസിഡന്റുമാരായി തുടരാമെങ്കില്‍ എം എല്‍ എ മാര്‍ക്കും ഭാരവാഹികളാകാമെന്നായിരുന്നു ഐ പക്ഷത്തെ ഒരു വിഭാഗത്തിന്റെ നിലപാട്.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ചര്‍ച്ച നടത്തിയ നേതാക്കള്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിടുകയായിരുന്നു.

ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടില്‍ സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ച് നിന്നു.എംഎല്‍എമാരും എംപിമാരും ഏറെ തിരക്കുള്ളവരാണെന്നും, അതിനാല്‍ പാര്‍ട്ടി ചുമതല കൂടി ഏറ്റെടുക്കുന്നത് അമിത ഭാരമാകുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്.ഹൈക്കമാന്‍ഡ് നിര്‍ദേശവും ഒരു പദവി എന്നത് തന്നെയായിരുന്നു. എന്നാല്‍ വര്‍ക്കിംഗ് പ്രെസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷും കെ.സുധാകരനും തുടരുമെന്ന സൂചന വന്നതാണ് പുതിയ തര്‍ക്കത്തിലേക്ക് വഴി വെച്ചത്.

Top