കെപിസിസി പുനഃസംഘടന പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടന പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിലാണ് ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയത്.കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വര്‍ക്കിംഗ് പ്രസിഡന്റുമാരെന്നും എണ്ണം കുറയ്ക്കാനാകുമോയെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ചോദിച്ചു.

ആറ് പേരുടെ പട്ടികയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നല്‍കിയത്. പട്ടിക നല്‍കിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാന്‍ഡ് ചര്‍ച്ചക്ക് വിളിച്ചു. ഹൈക്കമാന്‍ഡ് എതിര്‍പ്പറിയിച്ച പശ്ചാത്തലത്തില്‍ ഇന്നും ചര്‍ച്ച തുടരും.

130 ഭാരവാഹികളുടെ പേരടങ്ങിയ ജംബോ പട്ടികയാണ് ഹൈക്കമാന്‍ഡ് നേതൃത്വത്തിന്റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചത്.ആറ് വര്‍ക്കിങ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.

നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷും കെ.സുധാകരനും തല്‍സ്ഥാനത്ത് തുടരും. ഇവര്‍ക്ക് പുറമേ വി.ഡി.സതീശന്‍, പി.സി.വിഷ്ണുനാഥ്, കെ.വി.തോമസ്, ടി. സിദ്ദിഖ് എന്നിവരും വര്‍ക്കിങ് പ്രസിഡന്റുമാരാകും.ടി.സിദ്ദിഖിന് പകരം യു. രാജീവന്‍ മാസ്റ്റര്‍ കോഴിക്കോട് ഡി സി സി പ്രസിഡന്റാകും എന്നാണ് സൂചന. തൃശ്ശൂരില്‍ മുന്‍ എംഎല്‍എ എം വിന്‍സന്റ് ഡിസിസി അധ്യക്ഷനാവാനാണ് സാധ്യത.

Top