കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും എന്നാല്‍ കേന്ദ്രനിരീക്ഷകയുടെ നിലപാടാണ് തടസം നില്‍ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളത്തെ പോളിങ് ബൂത്തുകളില്‍ മഴയെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു. അദ്ദേഹം ആദ്യം അനുഭാവപൂര്‍വ്വമായാണ് പ്രതികരിച്ചത്. എന്നാല്‍ കേന്ദ്രനിരീക്ഷയുടെ നിലപാടാണ് പുതിയ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. എന്തായാലും കോണ്‍ഗ്രസിന് ജനാധിപത്യത്തില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും പ്രതികൂല സാഹചര്യമുണ്ടെങ്കിലും എല്ലാവരും സമ്മതിദാനവകാശം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഏത് പ്രതികൂല സാഹചര്യമുണ്ടായാലും അവസാനത്തെ വോട്ടര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കണം. അതിനുള്ള സൗകര്യമൊരുക്കണം. തത്കാലം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Top