പൗരത്വ നിയമ ഭേദഗതി; മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത് വെറും സന്ദേശം മാത്രമാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.

സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്തസമരത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തതിനെ തുടര്‍ന്ന് എതിര്‍പ്പുമായി മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. ശേഷമാണ് നിയമസഭാ പാസ്സാക്കിയ പ്രമേയത്തിന്റെ സാധുത മുല്ലപ്പള്ളി ചോദ്യംചെയ്യുന്നത്. പ്രതിപക്ഷനേതാവ് തന്നെ മുന്നോട്ട് വെച്ച പ്രമേയമെന്ന ആശയത്തെ പാര്‍ട്ടി അധ്യക്ഷന്‍ ചോദ്യം ചെയ്യുന്നത് ശരിയല്ല എന്ന നിലപാടിലാണ് എ-ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം.

പ്രമേയം പാസ്സാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അത് വെറും സന്ദേശം മാത്രമാണെന്ന മുല്ലപ്പള്ളിയുടെ വിശദീകരണത്തിലാണ് പാര്‍ട്ടിയിലെ വിമര്‍ശകര്‍ക്ക് അമര്‍ഷം തോന്നിയത്. നിയമസാധുത ചോദ്യം ചെയ്ത ഗവര്‍ണ്ണറുടെ വാദങ്ങള്‍ക്ക് സമാനമായ നിലപാട് കെപിസിസി അധ്യക്ഷനും ഉന്നയിക്കുന്നുവെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്.

സംയുക്തസമരത്തിനൊപ്പം പ്രമേയമെന്ന ആശയം മുന്നോട്ട് വെച്ചത് പ്രതിപക്ഷനേതാവായിരുന്നു. ആയതിനാല്‍ മുല്ലപ്പള്ളിയുടെ ഈ നിലപാട് ചെന്നിത്തലയെയും പ്രതിപക്ഷത്തെയും വീണ്ടും വെട്ടിലാക്കുമ്പോള്‍
ബിജെപിക്കൊപ്പം സിപിഎമ്മും അത് ആയുധമാക്കാനാണ് സാധ്യത.

പത്രപരസ്യം നല്‍കി മുഖ്യമന്ത്രി സംയുക്തസമരങ്ങളുടെ നേട്ടം കൊണ്ടുപോകുന്നതിലെ എതിര്‍പ്പാണ് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടിയതെന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ വിശദീകരണം. എന്നാല്‍ സിപിഎം കടന്നാക്രമിക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപവും മുല്ലപ്പള്ളിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

Top