കോണ്‍ഗ്രസിനെ അച്ചടക്കമുള്ള പാര്‍ട്ടിയാക്കി മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കാസര്‍കോട്: കോണ്‍ഗ്രസിനെ അച്ചടക്കമുള്ള പാര്‍ട്ടിയാക്കി മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കോണ്‍ഗ്രസിനെ തളര്‍ത്തുന്നു. സംഘടനാപരമായ മുന്നൊരുക്കം ആവശ്യമാണെന്നും ബൂത്ത് കമ്മറ്റി രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കാസര്‍ഗോഡ് നടന്ന കോണ്‍ഗ്രസ് നേതൃതല കണ്‍വെന്‍ഷനിലാണ് ഇരുവരുടെയും പ്രതികരണം.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് പരാമര്‍ശിച്ച പ്രതിപക്ഷ നേതാവ് വേദിയിലിരുന്ന ജില്ലാ കമ്മിറ്റി നേതാക്കളെ വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് വേണ്ടി പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതൃതല കണ്‍വെന്‍ഷനില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.

കാസര്‍കോട്ടെ കോണ്‍ഗ്രസില്‍ നേതാക്കളുടെ എതിര്‍പ്പുകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നതിനിടയാണ് നേതൃതല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ബിജെപിക്കും സിപിഐഎമ്മിനും എതിരെ ആഞ്ഞടിച്ചായിരുന്നു കെ സുധാകരന്റെ പ്രസംഗം. തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കോണ്‍ഗ്രസിനെ തളര്‍ത്തുന്നുവെന്നും തിരുത്താനുള്ളവര്‍ തിരുത്തണമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

 

Top