കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേരള യാത്രക്കൊരുങ്ങി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രക്കൊരുങ്ങി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടിയിലോ മുന്നണിയിലോ ഇക്കാര്യം ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വെച്ചിട്ടില്ല. ജനുവരിയിലായിരിക്കും യാത്ര നടക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചാരണമെന്ന നിലയ്ക്കാണ് യാത്ര ആലോചിക്കുന്നത്.

അടുത്ത മാസം ആദ്യം ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചേക്കും. കെപിസിസി പ്രസിഡന്റായ ശേഷം ഇതുവരേയും കെ സുധാകരന്‍ കേരള പര്യടനം നടത്തിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജനസമ്പര്‍ക്കപരിപാടിക്ക് ഇറങ്ങുന്ന സാഹചര്യത്തിലാണ് കെ സുധാകരന്‍ യാത്ര നടത്തുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല സദസ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കേരളീയം പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. പരിപാടി രാഷ്ട്രീയ പ്രചാരണമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സംഘടിപ്പിക്കുന്ന മണ്ഡല സദസ് ധൂര്‍ത്താണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Top