ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി ജനാധിപത്യത്തിന്റെ വിജയം: കെ.സുധാകരൻ

തിരുവനന്തപുരം: പട്ടികജാതി സംവരണം അട്ടിമറിച്ച ദേവികുളം സിപിഎം എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി ജനാധിപത്യത്തിൻറെ വിജയമാണെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. ഹൈക്കോടതി വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. നീതിക്കായി നിയമപോരാട്ടം നടത്തി വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഡി.കുമാറിനെ കെപിസിസി പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് സുധാകരൻ വാർത്താ കുറിപ്പിൽ പറഞ്ഞു.

ജനാധിപത്യത്തെ സിപിഎം എങ്ങനെയെല്ലാം അട്ടിമറിക്കുന്നുയെന്നതിന് തെളിവാണ് ദേവികുളത്തേത്. പരിവർത്തന ക്രെെസ്തവ വിഭാഗത്തിൽപ്പെട്ട എ.രാജ വ്യാജരേഖകൾ ഹാജരാക്കിയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അദ്ദേഹത്തിന് മത്സരിക്കാനും രേഖകളിൽ കൃത്രിമം കാട്ടാനും എല്ലാ സഹായവും അനുവാദവും നൽകിയ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു.

പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്ത് പട്ടികജാതിക്കാരൻ അല്ലാത്ത ഒരു വ്യക്തിയെ വ്യാജരേഖകളുടെ ബലത്തിൽ മത്സരിപ്പിച്ച സിപിഎമ്മിൻറെ ദളിത് വിരുദ്ധതയും ഇതോടെ മറനീക്കി പുറത്തുവന്നു. എല്ലാത്തരം ക്രിമിനൽ പ്രവർത്തനങ്ങളിലും സിപിഎമ്മിന് പങ്കുണ്ടെന്ന് സുധാകരൻ ആരോപിച്ചു. ജനാധിപത്യത്തിന് തീരാകളങ്കമാണ് സിപിഎം. നിയമസഭയെ പോലും നോക്കുകുത്തിയാക്കി പ്രതിപക്ഷത്തിൻറെ ശബ്ദം അടിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷി എംഎൽഎമാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകുകയാണ് സർക്കാർ. മുഖ്യമന്ത്രിക്കും സിപിഎമ്മിനും അധികാരത്തിൻറെ തണലിൽ എന്തുമാകാമെന്ന ധാർഷ്ട്യമാണ്. ക്രിമിനലുകളുടെ കൂടാരമായി എൽഡിഎഫ് മുന്നണി മാറി. ആത്മാഭിമാനമുള്ള ഒരു കക്ഷിക്കും ആ മുന്നണിയിൽ തുടരാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു. അതേസമയം ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സുപ്രീംകോടതിയിൽ നാളെ തന്നെ അപ്പീൽ നൽകാനാണ് തീരുമാനം.

Top