കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ലീഗിന് അഭിനന്ദനം, തരൂരിനെ ഉപയോഗപ്പെടുത്തണം, സതീശനും സുധാകരനും വിമർശനം

കൊച്ചി : സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങൾക്ക് ലീഗ് മറുപടിയും നൽകിയിരുന്നു. ലീഗ് യുഡിഎഫിൽ തന്നെ ഉറച്ച് നിൽക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ ഉടൻ തന്നെ സിപിഎമ്മിന് മറുപടി നൽകിയതിനെയും നേതാക്കൾ പ്രശംസിച്ചു.

അതേസമയം കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ വി ഡി സതീശൻ കടുത്ത വിമർശനമാണ് നേരിട്ടത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നിലപാടിൽ വ്യക്തത വന്നില്ലെന്നും നേതാക്കൾ വിമർശിച്ചു. മുഖ്യമന്ത്രിയെയും ഗവർണ്ണറെയും ഒരു പോലെ എതിർക്കണമെന്നും യോഗം വിലയിരുത്തി. ഇതിന് പുറമെ ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെ സുധാകരനും യോഗത്തിൽ വിമർശനം നേരിടേണ്ടി വന്നു.

തരൂർ വിഷയവും കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ചർച്ചയായി. തരൂരിനെ കൂടി ഉൾക്കൊണ്ട് പ്രശ്നം പരിഹരിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പ് വിമർശിച്ചു. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും യോഗം വിലയിരുത്തു. അതേസമയം പുസ്തക പ്രകാശനത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ പി ജെ കുര്യനും യോഗത്തിൽ വിമർശനമേൽക്കേണ്ടി വന്നു.

Top