‘അവസര സേവകർ’ എത്രയുണ്ട് ? മുല്ലപ്പള്ളിയോട് എ.എ റഹീം

തിരുവനന്തപുരം: താങ്കളുടെ പാര്‍ട്ടിയില്‍ ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

മോദിസ്തുതി കാരണമാണ് അന്നൊരിക്കല്‍ അബ്ദുള്ളക്കുട്ടിയെ സിപിഐ(എം) ആട്ടിപ്പുറത്താക്കിയത്. അടുത്ത നിമിഷം, താലവുമായി ചെന്ന് സ്വീകരിച്ചത് താങ്കളുള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളാണെന്നും റഹിം ചൂണ്ടിക്കാട്ടുന്നു.

വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന അവസര സേവകരാല്‍ കോണ്‍ഗ്രസ്സ് നിറഞ്ഞിരിക്കുകയാണെന്നും എ.എ റഹീം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

മോദിയെ പ്രശംസിച്ച് സംസാരിച്ച തരൂരിനെതിരെ അവസര സേവകന്മാരെ സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അത് പലപ്പോഴും പാര്‍ട്ടിക്ക് ബാധ്യത ആയിട്ടുമുണ്ടെന്നും , ഇനി അത്തരമൊരു ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. മാനസാന്തരം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

“അവസര സേവകർ” ഇനിയെത്രയുണ്ട്?

താങ്കളുടെ പാർട്ടിയിൽ ഇനിയും അവസര സേവകർ എത്രപേർ ബാക്കിയുണ്ട്?
ശ്രീ മുല്ലപ്പള്ളി വ്യക്തമാക്കണം.

മോദിസ്തുതി കാരണമാണ് അന്നൊരിക്കൽ അബ്ദുള്ളക്കുട്ടിയെ സിപിഐ(എം) ആട്ടിപ്പുറത്താക്കിയത്.
അടുത്ത നിമിഷം, താലവുമായി ചെന്ന് സ്വീകരിച്ചത് താങ്കളുൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളാണ്.

ശ്രീ ശശിതരൂർ രാജ്യത്തെ, കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവാണ്. പ്രധാനമന്ത്രി മുതൽ എ ഐ സി സി അധ്യക്ഷ പദവിയ്ക്ക് വരെ അനുയോജ്യനാണ് തരൂർ എന്ന് അഭിപ്രായപ്പെട്ട കോൺഗ്രസ്സ് നേതാക്കൾ ഇന്നും ജീവിച്ചിരിപ്പുണ്ട്!!.
പാർലമെന്റിലും വിവിധ നിയമസഭകളിലും നോക്കൂ, പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷരായിരുന്നവർ മുതൽ മുഖ്യമന്ത്രിയും ഗവര്ണരുമായിരുന്നവർ വരെ ഇന്ന് മോഡിയ്ക്ക് ജയ് വിളിച്ചു നിൽപ്പുണ്ട്.

വിലയ്ക്ക് വാങ്ങാൻ കഴിയുന്ന അവസര സേവകരാൽ നിറഞ്ഞിരിക്കുന്നു കോൺഗ്രസ്സ്.

ഭരണഘടന അപകടത്തിലാണ്.രാജ്യം അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിൽ, ഓരോ നിമിഷവും നഷ്ടപ്പെടുന്ന തൊഴിലിന്റെ കണക്കാണ് പുറത്തു വരുന്നത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും നിങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് വോട്ട് ചെയ്ത ജനങ്ങളോട് ഇനിയെങ്കിലും കോൺഗ്രസ്സ് തുറന്നു പറയണം,
ഇനിയെത്ര “അവസര സേവകർ”
ക്യൂ വിലുണ്ടെന്ന്???

#വിലയ്ക്ക്വാങ്ങാംകോൺഗ്രസ്സിനെ

#CongRss

Top