ലുട്ടാപ്പിയെ വിളിക്കു കോൺഗ്രസ്സിനെ രക്ഷിക്കു എന്ന് ഡി.വൈ.എഫ്.ഐ !

MULLAPPALLY

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയെ കളിയാക്കി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്ത്.

ലുട്ടാപ്പിയെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ… എന്നു തുടങ്ങുന്ന എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വളരെ രൂക്ഷമായ വിമര്‍ശനമാണ് മുല്ലപ്പള്ളിയുടെ ജനമഹായാത്രയ്ക്കു നേരെ ഉയര്‍ത്തിയിരിക്കുന്നത്.

മുല്ലപ്പള്ളി നയിക്കുന്ന ആദ്യ കേരള യാത്ര, അതായത് ‘മധുവിധുകാല’ത്തെ കേരളപര്യടനമാണെന്നും കെപിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ്സിനുമുള്ള ജനപിന്തുണ നോക്കൂ.. എവിടെയും ആളൊഴിഞ്ഞ കസേരകള്‍, ആളും പണവും ഇല്ലാത്ത കമ്മിറ്റികളെ പിരിച്ചുവിട്ട് മുല്ലപ്പള്ളിയ്ക്ക് തന്നെ ഇപ്പോള്‍ മടുത്തു… റഹീം പോസ്റ്റില്‍ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലുട്ടാപ്പിയെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ… ആറ്റുനോറ്റ് കാത്തിരുന്നു, കോണ്‍ഗ്രസ്സിന് കിട്ടിയ കെപിസിസി പ്രസിഡന്റ് ആണ് മുല്ലപ്പള്ളി. പുതിയ പ്രസിഡന്റ് നയിക്കുന്ന ആദ്യ കേരള യാത്ര, അതായത് ‘മധുവിധുകാല’ത്തെ കേരളപര്യടനം. കെപിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ്സിനുമുള്ള ജനപിന്തുണ നോക്കൂ.. എവിടെയും ആളൊഴിഞ്ഞ കസേരകള്‍, ആളും പണവും ഇല്ലാത്ത കമ്മിറ്റികളെ പിരിച്ചുവിട്ട് മുല്ലപ്പള്ളിയ്ക്ക് തന്നെ ഇപ്പോള്‍ മടുത്തു തുടങ്ങിയിരിക്കുന്നു.

Mullapally Ramachandran

ലോകസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സംസ്ഥാനത്തു കോണ്‍ഗ്രസ്സിന്റെ ജനപിന്തുണയുടെ വേദിയാകണമല്ലോ, സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന കേരള യാത്ര. ആളില്ലാത്ത കസേരകള്‍ പറയുന്നത്, കോണ്‍ഗ്രസ്സിനെ തിരസ്‌കരിക്കുന്ന കേരളത്തെക്കുറിച്ചാണ്. സംഘ്പരിവാറിനെതിരെ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും കൈകോര്‍ത്തു നില്‍ക്കുമ്പോള്‍, കേരളത്തില്‍, കോണ്‍ഗ്രസ്സും ബിജെപിയുമായി ചേര്‍ന്ന് നാലു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണമാണ് അട്ടിമറിച്ചത്. മുല്ലപ്പള്ളിയുടെ ജാഥ പ്രഖ്യാപിച്ചതിനു ശേഷമാണു നാലിടത്തും ആര്‍എസ്എസ് യുമായി കോണ്‍ഗ്രസ് കൈകോര്‍ത്ത് അധികാരം കൊയ്യാന്‍ ഇറങ്ങിയത്. മുല്ലപ്പള്ളി പ്രസിഡന്റ് ആയതില്‍ പിന്നെ കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഗതിപിടിച്ചിട്ടില്ല. മുല്ലപ്പള്ളി 2018 സെപ്റ്റംബര്‍ 19 നാണ് ചുമതലയേറ്റത്.ഒക്ടോബര്‍ 12നു ഫലം വന്നപ്പോള്‍ 20 ല്‍ 13 സീറ്റുകള്‍ എല്‍ഡിഫിന് ലഭിച്ചു. നവംബര്‍ 30 ആയപ്പോള്‍ 39 ല്‍ 21സ്ഥലങ്ങളില്‍ എല്‍ഡിഫ് വിജയം കൊയ്തു. ശബരിമല വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ബിജെപി സമരം ശക്തമായ ദിവസങ്ങളില്‍ കയ്യിലിരുന്ന പല തദ്ദേശ സ്ഥാപനങ്ങളും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടു.

ശബരിമല വിധിക്കു ശേഷം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ മുല്ലപ്പള്ളി സ്വീകരിച്ച നിലപാട് എന്നും എക്കാലവും അദ്ദേഹത്തെ നോക്കി പരിഹസിച്ചു കൊണ്ടേയിരിക്കും. എന്താണ് നിലപാട്, എന്തുകൊണ്ട്? ഒരു വ്യക്തതയുമില്ലാതെ ഇരുട്ടില്‍ തപ്പുന്ന നേതൃത്വം.ബിജെപി പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി മുല്ലപ്പള്ളിയോ പ്രതിപക്ഷ നേതാവോ ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയിട്ടില്ല. സെക്രട്ടറിയേറ്റ് നടയില്‍ ബിജെപിയും നിയമസഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ്സും ഒരേ മുദ്രാവാക്യങ്ങള്‍ വിളിച്ചു, ഒരുപോലെ നിരാഹാരം കിടന്നു! ഐക്യജനാധിപത്യമുന്നണി വിപുലീകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു, ബിജെപിയെ ചേര്‍ത്തുള്ള വിപുലീകരണ ദൗത്യമാണ് മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും കെ സുധാകരന്റെയും കാര്‍മ്മികത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്. അന്നൊരിക്കല്‍ വിമോചന സമരകാലത്ത്, അപകടം പിടിച്ച അവിശുദ്ധ രാഷ്ട്രീയ സഖ്യമുണ്ടാക്കരുത് എന്ന് കേരളത്തിലെ കോണ്‍ഗ്രസ്സിനോട് ഉപദേശിക്കാന്‍ നെഹ്‌റു എന്നൊരാള്‍ ഡല്‍ഹിയിലുണ്ടായിരുന്നു. ഇന്ന് രാഹുല്‍ഗാന്ധിയെ ഇവിടെയുള്ളവര്‍ ഉപദേശിക്കുകയാണ് രീതിയത്രെ ! ബിജെപിയുമായി കൈകോര്‍ത്ത ഏതെങ്കിലും സ്ഥലത്തു ഒരു അച്ചടക്ക നടപടിപോലും മുല്ലപ്പള്ളി പ്രഖ്യാപിച്ചില്ല.

ശ്രീധരന്‍പിള്ള, കോണ്‍ഗ്രസ്സുമായി സഹകരിച്ച ബിജെപിക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ആര്‍എസ്എസ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു നാലിടത്തെയും സഖ്യ നീക്കമെന്ന് ശ്രീധരന്‍ പിള്ളയുടെയും മുല്ലപ്പള്ളിയുടെയും നിശബ്ദത വ്യക്തമാക്കുന്നു. ശബരിമല വിധിയ്ക്ക് ശേഷം കൊടിയെടുക്കാതെ ഒരുമിച്ച് സമരം നയിച്ച ആര്‍എസ്എസും കോണ്‍ഗ്രസ്സും ഇന്ന് ഇടതു പക്ഷത്തെ പുറത്താക്കാന്‍ പരസ്യമായി കൈകോര്‍ത്തു നില്‍ക്കുന്നു. ഏതോ സവര്‍ണ്ണ സഭയില്‍ വച്ചു ആര്‍എസ്എസ് കോണ്‍ഗ്രസ് ഉടമ്പടി യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുന്നു. 1991 ലെ കോലീബി സഖ്യം പില്‍ക്കാലത്തു നേതാക്കള്‍ തന്നെ ഏറ്റു പറഞ്ഞത് പോലെ നാളെയൊരിക്കല്‍ മുല്ലപ്പള്ളിയുടെ കാലത്തെക്കുറിച്ചും കുമ്പസാരം പ്രതീക്ഷിക്കാം. പക്ഷെ, കൊടിയെടുത്തും എടുക്കാതെയും ആര്‍എസ്എസ് ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ്സിനെ അണികളും കേരളവും കൈവിടുന്നതിന്റെ തെളിവാണ് മുല്ലപ്പള്ളിയെ സ്വീകരിക്കാന്‍ കാത്തുകിടക്കുന്ന ആളൊഴിഞ്ഞ കസേരകള്‍ !. മുല്ലപ്പള്ളിയുടെ ജാഥയ്ക്ക് ലഭിയ്ക്കുന്നതിന്റെ എത്രയോ ഇരട്ടി സ്വീകാര്യത മിസ്റ്റര്‍ ലുട്ടാപ്പിയ്ക്ക് ലഭിക്കുന്നു. ‘കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍’ ലുട്ടാപ്പിയെ ഒരു വര്‍ക്കിങ് പ്രസിഡണ്ടെങ്കിലും ആക്കി ഒരു പരീക്ഷണത്തിന് ശ്രമിക്കുന്നത് ഉചിതമായിരിക്കും. മുല്ലപ്പള്ളിയും ശ്രീധരന്‍പിള്ളയും ഒരുമിച്ച് ഒരു കുന്തത്തില്‍ കയറി പറക്കുമ്പോള്‍ മിസ്റ്റര്‍ ലുട്ടാപ്പിയും അദ്ദേഹത്തിന്റെ കുന്തവും ഇരുവര്‍ക്കും സഹായമാകുമെന്ന് പ്രതീക്ഷിക്കാം.

Top