മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്ത് പൊലീസ്

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിക്കെത്തിയ കെപിസിസി അംഗത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കെപിസിസി അംഗം സി.പി.മാത്യുവിനെയാണ് പൊലീസ് സുരക്ഷാപ്രശ്‌നം പറഞ്ഞ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇടുക്കി തൊടുപുഴയില്‍ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍. തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട 150 പേര്‍ക്കായിരുന്നു പ്രവേശനം. പ്രതിപക്ഷത്തു നിന്നും ആര്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.

യോഗം തുടങ്ങി മുഖ്യമന്ത്രി ആമുഖ പ്രസംഗം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചത്. പിന്നാലെ പൊലീസ് എത്തി പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങി മാത്യു മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ സുരക്ഷ പ്രശ്‌നം ഉയര്‍ത്തി പൊലീസ് കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പട്ടയ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ഇടുക്കിയിലെ ജനങ്ങളുടെ പരാതി അറിയിക്കാനാണ് താന്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതെന്ന് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. സരിതയുടെ സാരിത്തുമ്പിലാണ് ഇടതു സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Top