ഗ്രൂപ്പ് സമ്മര്‍ദം ശക്തം; മുല്ലപ്പള്ളി ജംബോ പട്ടികയ്ക്ക് വഴങ്ങി?

തിരുവനന്തപുരം: ഗ്രൂപ്പ് സമ്മര്‍ദത്തെതുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജംബോ പട്ടികയ്ക്കു വഴങ്ങിയെന്ന് സൂചന. ഗ്രൂപ്പ് സമ്മര്‍ദം ശക്തമായതോടെയാണ് ഒരാള്‍ക്ക് ഒരു പദവിയെന്ന വാദവും മുല്ലപ്പള്ളി ഉപേക്ഷിച്ചെന്നാണു വിവരം. വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പടുന്ന ആള്‍ക്കൂട്ടപട്ടിക രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. അഞ്ചു വര്‍ക്കിങ് പ്രസിഡന്റുമാരും ആറ് വൈസ് പ്രസിഡന്റുമാരും 24 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണു പ്രധാന ഭാരവാഹിപ്പട്ടിക.

കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും പുറമെ ഐ ഗ്രൂപ്പില്‍ നിന്ന് വി ഡി സതീശനും എ ഗ്രൂപ്പില്‍ നിന്ന് പി സി വിഷ്ണുനാഥും വര്‍ക്കിങ് പ്രസിഡന്റുമാരാകും. ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരാള്‍ക്കൂടിയുണ്ടാകും. സാധ്യതയുള്ള കെ വി തോമസിനെ ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്. ശൂരനാട് രാജശേഖരന്‍, വി എസ് ശിവകുമാര്‍, എ പി അനില്‍കുമാര്‍, തമ്പാനൂര്‍ രവി എന്നിവര്‍ വൈസ് പ്രസിഡന്റ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മുന്‍ ഡിസിസി പ്രസിഡന്റുമാരായ എ എ ഷുക്കൂര്‍, ടോമി കല്ലാനി, റോയി കെ പൗലോസ് എന്നിവരെ ഉള്‍പ്പെടുത്തി. സെക്രട്ടറിമാരായിരുന്ന കെ പ്രവീണ്‍കുമാര്‍, ജെയ്‌സണ്‍ ജോസഫ്, പഴകുളം മധു എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്‍കിയെന്നാണു സൂചന. സെക്രട്ടറിമാരായി അറുപതുപേരുടേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 50 പേരുടേയും പട്ടികയാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയത്. ഇതിനു പുറമെ എംപിമാരുടെ നോമിനികളും ഉള്‍പ്പെടും. ഒരാള്‍ക്ക് ഒരു പദവിയിലും ജംബോ പട്ടിക പാടില്ലെന്നുമുള്ള നിലപാടുകളില്‍ അവസാനനിമിഷം വരെ മുല്ലപ്പള്ളി ഉറച്ചുനിന്നെങ്കിലും ഗ്രൂപ്പ് സമ്മര്‍ദം കാരണം ഫലം കണ്ടില്ല.

Top