വര്‍ക്കിങ് പ്രസിഡന്റുമാര്‍ ആരാകണമെന്ന കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേത്…

തിരുവനന്തപുരം: കെപിസിസി ഭാരവാഹിപ്പട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈസ് പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും ആദ്യം പ്രഖ്യാപിക്കുമെന്നും വര്‍ക്കിങ് പ്രസിഡന്റുമാര്‍ ആരാകണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നുമാണ് മുല്ലപള്ളി പറഞ്ഞത്.

ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജനപ്രതിനിധികള്‍ കഴിവുള്ളവരാണ്. അവരുടെ സമയമാണ് പ്രശ്‌നം. മുഴുവന്‍ സമയപ്രവര്‍ത്തകരെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങളായി തുടരുന്ന ഗ്രൂപ്പ് വടംവലികള്‍ക്കൊടുവില്‍ കെപിസിസിയുടെ ജംബോ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്റ് വെട്ടിച്ചുരുക്കിയിരുന്നു. പത്ത് വൈസ് പ്രസിഡന്റുമാരും 20 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ പട്ടിക. 45 പേരടങ്ങിയ പട്ടിക മുകുള്‍ വാസ്നികിന് കൈമാറിയിട്ടുണ്ട്. ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

പുതിയ പട്ടികയില്‍ ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, പദ്മജ വേണുഗോപാല്‍, ശരത്ചന്ദ്രപ്രസാദ്, പി സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, കെസി റോസക്കുട്ടി, മണ്‍വിള രാധാകൃഷണന്‍, മോഹന്‍ ശങ്കര്‍ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരാകും.

Top