സുധീരനു വേണ്ടി കെ.പി.സി.സിയിലും കരുനീക്കം, ഹൈക്കമാന്റ് ഇടപെടും മുൻപ് വരവേൽക്കാൻ നേതൃത്വം

കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ഇനി വരാനിരിക്കുന്നത് വമ്പൻ ട്വിസ്റ്റാണ്. ഗ്രൂപ്പുകൾ ഒറ്റപ്പെടുത്തിയ മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരൻ ഇപ്പോൾ അദ്ദേഹത്തിന്റെ എതിരികളിയ കോൺഗ്രസ്സ് നേതാക്കൾക്കും സ്വീകാര്യനായി മാറി കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് രമേശ് ചെന്നിത്തലയുടെയും കെ സുധാകരന്റെയും മനംമാറ്റം. കോൺഗ്രസ്സ് വേദികളിൽ വീണ്ടും സുധീരനെ സജീവമാക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിൽ സുധീരനെ വീണ്ടും ഉൾപ്പെടുത്താനാണ് നീക്കം. കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മുൻ നിയമസഭ സ്പീക്കർ കൂടിയായ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും രാജിവച്ചിരുന്നത്.

“ഒരിക്കലും സ്ഥാനമോഹിയായ നേതാവായിരുന്നില്ല”, സുധീരനെന്നാണ് സുധാകരൻ തുറന്നു പറഞ്ഞിരിക്കുന്നത്. “90 വയസ്സു തികഞ്ഞിട്ടും പദവിയൊഴിയാൻ മടിക്കുന്നവരുള്ള കോൺഗ്രസ്സിൽ, ആ സ്ഥാനത്ത് 36-ാം വയസ്സിൽ പദവികളൊന്നും വേണ്ടെന്ന് വെച്ചയാളാണ് സുധീരനെന്നും” സുധാകരൻ പറയുകയുണ്ടായി. തൃശൂർ ഡി.സി.സിയിൽ വച്ചു നടന്ന പരിപാടിയിലായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്. “കോൺഗ്രസിനെ സംബന്ധിച്ച് പ്രതിസന്ധിഘട്ടമാണിതെന്നും, ഈ സന്ദർഭത്തിൽത്തന്നെയാണ് സുധീരൻ നേതൃസ്ഥാനത്തേയ്ക്കെത്തേണ്ടതെന്നുമാണ്” ചടങ്ങിൽ പങ്കെടുത്ത മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട പ്രതികരണങ്ങളായി ഒരിക്കലും വിലയിരുത്താൻ കഴിയുകയില്ല. ശരിക്കും കണക്കു കൂട്ടിയുള്ള പ്രതികരണം തന്നെയാണിത്.

കർണ്ണാടകത്തിനു പുറമെ കേരളത്തിലും കോൺഗ്രസ്സ് വലിയ തിരിച്ചു വരവിനാണ് ശ്രമിക്കുന്നത്. നിലനിൽപ്പിനായുളള അവസാനഘട്ട പോരാട്ടമാണിതെന്നാണ് നേതാക്കൾ കരുതുന്നത്. കർണ്ണാടകത്തിൽ ജനകീയനായ സിദ്ധരാമയ്യയെ മുൻ നിർത്തിയാണ് കോൺഗ്രസ്സ് വോട്ട് ചോദിച്ചിരുന്നത്. ഇതു പോലെ ജനകീയനായ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാതിരുന്നതാണ് ബി.ജെ.പിയുടെ പതനം എളുപ്പത്തിലാക്കിയിരുന്നത്. ഉമ്മൻചാണ്ടി സജീവ രാഷ്ട്രീയം വിട്ടതോടെ കേരളത്തിൽ യു.ഡി.എഫിനു ഉയർത്തിക്കാട്ടാൻ ജനകീയനായ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല. നിലവിലെ പ്രധാന നേതാക്കൾ എല്ലാവരും തന്നെ പരസ്പരം ശത്രുക്കളായ അവസ്ഥയുമാണ് നിലവിലുള്ളത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.സുധാകരനും ചെന്നിത്തലയുമെല്ലാം മൂന്നു വഴിക്കാണ് പോകുന്നത്. കേരളത്തിൽ ചില താൽപ്പര്യങ്ങൾ കെ.സി വേണു ഗോപാലിനുമുണ്ട്. ഇവർക്കൊന്നും തന്നെ പൊതു സമൂഹത്തിൽ വലിയ സ്വീകാര്യത ഇല്ലന്നതും ഒരു യാഥാർത്ഥ്യമാണ്. ഇവിടെയാണ് സുധീരൻ പ്രസക്തനാകുന്നത്. കോൺഗ്രസ്സിനെ പോലുള്ള വ്യക്തി കേന്ദീകൃതമായ പാർട്ടിക്ക് അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മുന്നിൽ നിർത്താവുന്ന നിലവിലുള്ള ഏക ജനകീയനേതാവു സുധീരൻ മാത്രമാണ്. ശശിതരൂരിനു പോലും ഒരു പ്രത്യേക വിഭാഗത്തിനപ്പുറം വോട്ടുകൾ സ്വാധീനിക്കാൻ കഴിയുകയില്ല. അഴിമതിക്കെതിരെ പോരാടുന്ന ആദർശശാലിയായ നേതാവ് എന്ന പ്രതിഛായയാണ് വി എം സുധീരന് ഇന്നും ജനങ്ങൾക്കിടയിൽ ഉള്ളത്.

1982–87 കാലഘട്ടത്തിലെ കരുണാകരൻ മന്ത്രിസഭയുടെ അവസാനകാലത്തു സ്പീക്കർ കസേരയിലിരുന്ന സുധീരൻ സഭയിൽ പലപ്പോഴും മുഖ്യമന്ത്രിക്കു പോലും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. നിയമസഭയുടെ അധികാരത്തിൽ കൈ കടത്തുന്നതൊന്നും അനുവദിച്ചുകൊടുക്കില്ലെന്നതു സുധീരന്റെ വാശിയായിരുന്നു. കെ.ആർ.ഗൗരിയമ്മയുൾപ്പെടെ പ്രീഡിഗ്രി ബോർഡ് വിഷയത്തിൽ നിയമസഭയിൽ നിരാഹാരം കിടന്നപ്പോൾ 37 വയസ്സു മാത്രം പ്രായമുള്ള സ്പീക്കറുടെ മികവും നയവും രാഷ്ട്രീയ കേരളം കണ്ടതാണ്. അന്നു ഉറക്കമിളച്ച് രാത്രി മുഴുവൻ സ്പീക്കർ സഭയ്ക്കുള്ളിൽ തന്നെയാണുണ്ടായിരുന്നത്. യൂത്ത് കോൺഗ്രസ് കാലം മുതൽ ആന്റണി പക്ഷക്കാരനായിരുന്ന സുധീരൻ 16 വർഷം നിയമസഭാംഗമായെങ്കിലും ആദ്യമായി മന്ത്രിയായതു 16–ാം വർഷം ആന്റണി മന്ത്രിസഭയിലായിരുന്നു.

1991ലെ കരുണാകരൻ മന്ത്രിസഭയിലേക്ക് എ ഗ്രൂപ്പ് നിർദേശിച്ച പേരുകളിലൊന്നു സുധീരന്റേതായിരുന്നെങ്കിലും ആ പേര് മാത്രം പറ്റില്ലെന്നു കരുണാകരൻ വാശിപിടിക്കുകയാണുണ്ടായത്. വേറെ ഏതു പേരും സ്വീകാര്യമെന്നു കരുണാകരൻ പറഞ്ഞപ്പോൾ എങ്കിൽ ഒരു പേരും കൊടുക്കേണ്ടെന്നാണ് എ ഗ്രൂപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ തനിക്കുവേണ്ടി അങ്ങനെയൊരു പിൻമാറ്റം വേണ്ടെന്നു സുധീരൻ നിലപാട് സ്വീകരിച്ചതോടെ എ ഗ്രൂപ്പിനു തീരുമാനം മാറ്റേണ്ടി വന്നു. അങ്ങനെയാണ് ആ മന്ത്രിസഭയിൽ എഗ്രൂപ്പ് പ്രതിനിധികൾ അംഗമായിരുന്നത്. മുൻപു കരുണാകരന്റെ ഗുഡ് ബുക്കിൽ ഉണ്ടായിരുന്ന സുധീരൻ മന്ത്രിസ്ഥാനത്തിനു വേണ്ടി തന്നെ സമീപിക്കുമെന്നാണ് കരുണാകരൻ കരുതിയിരുന്നത്. അങ്ങനെയെങ്കിൽ താൻ വഴി അതു നൽകാമെന്നാണ് കരുണാകരൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ അതു മാത്രമാണ് സംഭവിക്കാതിരുന്നത്.\

മറ്റെല്ലാ കോൺഗ്രസ് എംഎൽഎമാരും ലീഡറെ വിളിച്ച് വിജയത്തിൽ ആശംസയും പിന്തുണയും അറിയിച്ചപ്പോഴും സുധീരൻ മാത്രം ലീഡറെ വിളിച്ചിരുന്നില്ല. ഇതാണ് പ്രധാനമായും കരുണാകരനെ ചൊടിപ്പിച്ചിരുന്നത്.ഗ്രൂപ്പ് തർക്കത്തിൽ കരുണാകരനുമായി തെറ്റിയെങ്കിലും കോൺഗ്രസ് വിട്ടുപോയ കരുണാകരനെ തിരിച്ചെത്തിക്കാൻ പരിശ്രമിച്ചവരിൽ ഒരാൾ സുധീരനായിരുന്നു. തിരിച്ചെത്തിയ കരുണാകരൻ ഒടുവിൽ പങ്കെടുത്ത കെപിസിസി നിർവാഹകസമിതിയോഗത്തിൽ കെ.മുരളീധരന് അംഗത്വം നൽകണമെന്ന കരുണാകരന്റെ ആവശ്യത്തെ പിന്താങ്ങിയ മൂന്നുപേരിൽ ഒരാളും സുധീരൻ തന്നെയാണ് മറ്റു രണ്ടുപേർ പി.സി.ചാക്കോ, കെ.കെ.രാമചന്ദ്രൻ എന്നിവരായിരുന്നു. 1991ലെ സംഘടനാ തിരഞ്ഞെടുപ്പു സമയത്ത് എ ഗ്രൂപ്പിലെ ഉമ്മൻചാണ്ടി പക്ഷവുമായി തെറ്റിയതോടെയാണ് സുധീരൻ ഒറ്റയാനായി തീർന്നിരുന്നത്.

VM sudheeran

1996ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും വിജയിച്ച സുധീരൻ ആലപ്പുഴയിൽ തീരദേശ റെയിൽപാത യാഥാർഥ്യമാക്കിയതി‍ൽ സഭയ്ക്കകത്തും പുറത്തും വലിയ പോരാട്ടം തന്നെ നടത്തിയിട്ടുണ്ട്. കറപുരളാത്ത നേതാവെന്ന പ്രതിച്ഛായ സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമല്ല ഹൈക്കമാൻഡിലും സുധീരന് ക്ലീൻ ഇമേജാണ് സൃഷ്ടിച്ചു കൊടുത്തിരുന്നത്. പിന്നീട് എ – ഐ ഗ്രൂപ്പുകൾ ഒരുമിച്ചു നിർദേശിച്ച ജി.കാർത്തികേയനെയും മറികടന്ന് രാഹുൽ ഗാന്ധിയുടെ പിന്തുണയിൽ സുധീരൻ കെപിസിസി പ്രസിഡന്റായതും കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ വേറിട്ട അദ്ധ്യായമാണ്. നിക്ഷിപ്ത താൽപര്യക്കാരുടെ ഫണ്ട് വേണ്ടെന്നു പരസ്യമായി പ്രഖ്യാപിച്ച് സുധീരൻ നയം വ്യക്തമാക്കിയപ്പോൾ ഞെട്ടിയത് സ്വന്തം നേതാക്കൾ തന്നെയാണ്.

ലൈസൻസ് പുതുക്കാത്ത 418 ബാറുകൾ പൂട്ടണം എന്ന സുധീരനു കർശനമായി നിലപാടെടുക്കാൻ കഴിഞ്ഞതും ഈ നിലപാടു കൊണ്ടാണ്. ഇതോടെ വെട്ടിലായ ഉമ്മൻ ചാണ്ടി സർക്കാർ സുധീരൻ ഒറ്റയ്ക്ക് നേട്ടം കൊയ്യാതിരിക്കാനാണ് പഞ്ചനക്ഷത്രപദവി ഒഴികെയുള്ള ബാറുകളെല്ലാം പൂട്ടാൻ ഉത്തരവിട്ടിരുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ ആരോപണവിധേയരെ മത്സരിപ്പിക്കരുതെന്ന സുധീരന്റെ നിർബന്ധവും അതിനെതിരെ ഉമ്മൻചാണ്ടി തിരിഞ്ഞതും വീണ്ടും പ്രതിസന്ധിയുണ്ടാക്കി. കളങ്കിതർക്കും ആരോപണവിധേയർക്കും സീറ്റു കൊടുക്കാനാവില്ലെന്നു ഹൈക്കമാൻഡിനോടു സുധീരൻ വ്യക്തമാക്കിയെങ്കിലും അത് ഫലം കണ്ടില്ല. ഇതേതുടർന്നാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം സുധീരൻ രാജിവച്ചിരുന്നത്. ഇതിനു ശേഷം രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവയ്ക്കുകയുണ്ടായി.

ഇങ്ങനെ അധികാരത്തോട് മുഖം തിരിച്ചു നടന്ന സുധീരനെ വീണ്ടും സജീവമാക്കാൻ കോൺഗ്രസ്സ് നേതൃത്വം ശ്രമിക്കുന്നത് രാഹുൽ ഗാന്ധിയുടെ മനസ്സു കണ്ടു കൂടിയാണ്. കർണ്ണാടകയിൽ സിദ്ധരാമയ്യയെ പോലെ പൊതു സമൂഹത്തിൽ മികച്ച പ്രതിച്ഛായയുള്ള സുധീരനെ ഹൈക്കമാന്റ് ദൗത്യം ഏൽപ്പിക്കും മുൻപ് അദ്ദേഹത്തെ കയ്യിലെടുക്കാനാണ് ചെന്നിത്തലയും സുധാകരനും ശ്രമിക്കുന്നത്. സുധീരനാണ് നയിക്കുന്നതെങ്കിൽ വി.ഡി സതീശനു പോലും മറിച്ചൊരു അഭിപ്രായം ഉണ്ടാകുകയില്ല. നാഥനില്ലാത്ത അവസ്ഥയിൽ നിൽക്കുന്ന എ ഗ്രൂപ്പിനും സുധീരന്റെ പേര് ഹൈക്കമാന്റ് മുന്നോട്ടു വച്ചാൽ അംഗീകരിക്കേണ്ടിവരും.

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടക കക്ഷികളുടെ ആത്മവിശ്വാസവും വർദ്ധിക്കും. ക്രൈസ്തവ സഭകളെ കൂടി ഒപ്പം നിർത്താൻ യു.ഡി.എഫിനു കഴിഞ്ഞാൽ അതോടെ പ്രവചനാതീതമായ ഒരു മത്സരത്തിനാണ് കേരളം വേദിയാകുക. അത്തരമൊരു സാഹചര്യം സൃഷ്ടിക്കുക എന്നതു തന്നെയാണ് കോൺഗ്രസ്സ് ഹൈക്കമാന്റിന്റെയും അജണ്ട. ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തിനു മാത്രമായി പ്രത്യേക തന്ത്രങ്ങൾക്കു തന്നെ രൂപം നൽകാനും ഹൈക്കമാണ്ടിനു പദ്ധതിയുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ സീറ്റുകൾ നേടാൻ കഴിഞ്ഞാലും ഇല്ലങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതു വിധേയനേയും സംസ്ഥാനഭരണം തിരിച്ചു പിടിക്കുക തന്നെയാണ് യു.ഡി.എഫ് നേതൃത്വത്തിന്റെയും ലക്ഷ്യം. അതാകട്ടെ വ്യക്തവുമാണ് . . .

EXPRESS KERALA VIEW

Top