കെപിസിസി അധ്യക്ഷനാകാന്‍ താല്‍പര്യമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ ആകാന്‍ താല്‍പ്പര്യം പരസ്യമായി പ്രകടിപ്പിച്ച് കെ സുധാകരന്‍ എംപി. അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ താല്‍പര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും സുധാകരന്‍ പ്രതികരിച്ചു. സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി വിവരമൊന്നും ഇതുവരെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന നേതാവ് കെ വി തോമസിനെ നഷ്ടപ്പെടുത്തില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. കെ സുധാകരനോ കെ മുരളീധരനോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമാണ് അണികളില്‍ നിന്നും ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇരുവര്‍ക്ക് അനുകൂലമായി പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്ന് സുധാകരന്‍ പരസ്യമായി വ്യക്തമാക്കിയത്.

Top