കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണം നേതാക്കളുടെ കാലുവാരലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിന്റെ പോരായ്മയും നേതാക്കളുടെ കാല് വാരലുമാണ് തോല്‍വിക്കുള്ള പ്രധാന കാരണങ്ങളെന്ന് കെപിസിസി അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ട്. മുസ്ലീം വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിനോട് അകന്നതും തിരിച്ചടിക്കുള്ള കാരണമാണ്. നാടാര്‍ സംവരണം അടക്കം നടപ്പാക്കി, വിവിധ സാമുദായിക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ഇടത് നീക്കവും ഭരണത്തുടര്‍ച്ചയുടെ കാരണമായെന്നാണ് കണ്ടെത്തല്‍.

തോറ്റ ഓരോ മണ്ഡലങ്ങളുടേയും സാഹചര്യങ്ങള്‍ പ്രത്യേകം പരിശോധിച്ചാണ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള അഞ്ച് സമിതികളുടെയും റിപ്പോര്‍ട്ടുകള്‍. അതീവ ദുര്‍ബ്ബലമായ സംഘടനാ സംവിധാനവും നേതാക്കളുടെ പാരവെയ്പ്പും പൊതുവായി തോല്‍വിയുടെ കാരണമായി എല്ലാ റിപ്പോര്‍ട്ടിലും അടിവരയിടുന്നു. യുഡിഎഫിനൊപ്പം അടിയുറച്ച് നിന്നിരുന്ന മുസ്ലീം വിഭാഗങ്ങള്‍ ഇടതിനൊപ്പം മാറിയത് വളരെ നിര്‍ണ്ണായകമായെന്നാണ് മറ്റൊരു കണ്ടെത്തല്‍.

നേമം, കൊല്ലം, തൃത്താല അടക്കം പല മണ്ഡലങ്ങളിലെയും തോല്‍വിക്ക് ഇത് കാരണമായി. മുസ്ലീം വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെങ്കില്‍ തിരിച്ചടി തുടരുമെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. സംഘടനാ സംവിധാനത്തിന്റെ തകര്‍ന്നത് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാക്കിയത് മലബാറിലും തെക്കും. കോന്നി, വട്ടിയൂര്‍കാവ്, നെടുമങ്ങാട്, അമ്പലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് കാരണമായി.

കഴക്കൂട്ടത്ത് മികച്ച സ്ഥാനാര്‍ത്ഥിയായ ഡോ. എസ്എസ് ലാലിനെ ജനങ്ങളിലേക്കെത്തിക്കാന്‍ സംഘടനക്കായില്ല. ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സംഘടനയും രണ്ട് വഴിക്കായിരുന്നു. ഇടുക്കി, പത്തനതിട്ട ജില്ലകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സാമുദായിക സമവാക്യം പാളി. കുന്നത്ത് നാട്ടില്‍ ട്വന്റി ട്വന്റി പാരയായി. ജോസ് കെ മാണി പക്ഷത്തിന്റെ മുന്നണി മാറ്റം മധ്യകേരളത്തില്‍ തിരിച്ചടിയുണ്ടാക്കി.

മുസ്ലീം-കൃസ്ത്യന്‍ മതവിഭാഗങ്ങളെയും അതിലെ തന്നെ ഓരോ വിഭാഗങ്ങളെയും അതിവിഗദ്ധമായി എല്‍ഡിഎഫ് ഒപ്പം നിര്‍ത്തി. യുഡിഎഫിന്റെ സോോഷ്യല്‍ എഞ്ചിനീയറിംഗ് അമ്പേ പരാജയമായി. സര്‍ക്കാര്‍ അവസാന നിമിഷം ഇറക്കി നാടാര്‍ സംവരണം കാട്ടക്കട, പാറശ്ശാല, അരുവിക്കര, നെയ്യാറ്റിന്‍കര അടക്കമുള്ള മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമായി. മൂന്ന് പേരടങ്ങുന്ന അഞ്ച് സമിതിയാണ് വിവിധ ജില്ലകളില്‍ പരിശോധന നടത്തിയത്.

 

Top