‘എല്‍ദോസിനെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ല’; കെ സുധാകരന്‍

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിൽ എല്‍ദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസില്‍ നിന്നുണ്ടായത്. ആരോപണം ശരിയാണോ തെറ്റാണോ എന്ന് പൊലീസ് അന്വേഷണമാണ് വ്യക്തമാക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കെ സുധാകരന്‍ പറഞ്ഞു.

ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഞങ്ങള്‍ ചെയ്യേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയുടെ പ്രവര്‍ത്തന രംഗത്ത് നിന്ന് മാറ്റി നിര്‍ത്തുക എന്നതാണ്, അത് ചെയ്യും. ഇതുപോലൊരാളെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ല, അങ്ങനെ തരം താഴില്ല. അതൊക്കെ സിപിഐഎമ്മിന്റെ സ്ഥിരം ശൈലിയും സ്ഥിരം പ്രവര്‍ത്തനമാണെന്നും സുധാകരന്‍ ആരോപിച്ചു.

‘സംഭവത്തില്‍ മുന്‍വിധിയില്ല, ആരോപണം പരിശോധിക്കാനും ചര്‍ച്ച ചെയ്യാനുമാണ് കത്ത് നല്‍കിയത്. ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടുത്തണം. എന്തെങ്കിലും തരത്തിലുള്ള മനപരിവര്‍ത്തനമുണ്ടെങ്കില്‍ അതേ കുറിച്ച് ചര്‍ച്ച ചെയ്യാം. അല്ലെങ്കില്‍ നടപടിയെടുക്കുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കുന്നു. അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുക എന്നത് സാമാന്യ നീതിയാണ്. അതാണ് വിശദീകരണം തേടിയത്. അത് ലഭിക്കാനുള്ള സാവകാശമാണ് നല്‍കുന്നത്. അത് കഴിഞ്ഞാന്‍ നടപടിയുണ്ടാകും. വിശദീകരണം ലഭിക്കാന്‍ വൈകിയാല്‍ നടപടികളിലേക്ക് കടക്കും’, സുധാകരന്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിയെ ഫോണില്‍ വിളിച്ചിട്ട് ലഭിക്കുന്നില്ലെന്നും, നിയമനടപടിയെ മറികടക്കാന്‍ എന്നതിനപ്പുറത്ത് മറ്റു ലക്ഷ്യങ്ങള്‍ ഒളിവില്‍ പോയതിന് പിന്നിലുണ്ടാകില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ പ്രതികരിച്ചു.

 

Top