മലപ്പുറത്തെ കരുത്തൻ ഷൗക്കത്ത് തന്നെ, കരുത്തു കാട്ടിയ മഹാറാലി ,അന്തംവിട്ട് കെ.പി.സി.സി നേതൃത്വം

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് മലപ്പുറത്തു നടന്ന റാലിയില്‍ വന്‍ ജനപങ്കാളിത്വം. ഈ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം തടയാനുള്ള കെ.പി.സി.സി നേതൃത്വത്തിന്റെ നീക്കമാണ് ഷൗക്കത്തും സംഘവും പൊളിച്ചുടുക്കിയിരിക്കുന്നത്. കനത്ത മഴയിലും ചോരാത്ത ആവേശവുമായി ആയിരങ്ങള്‍ അണിനിരന്ന റാലി ജില്ലയിലെ എ ഗ്രൂപ്പിന്റെ ശക്തി പ്രകടനം കൂടിയായാണ് മാറിയിരിക്കുന്നത്. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ നടത്തുന്ന സമ്മേളനം മാറ്റി വച്ചില്ലങ്കില്‍ നടപടി എടുക്കുമെന്ന കെ.പി.സി.സി ഭീഷണി അവഗണിച്ചാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മലപ്പുറത്തേക്ക് ഒഴുകിയെത്തിയിരുന്നത്.

പലസ്തീന്‍ ഐക്യ ദാര്‍ഢ്യ സമ്മേളനം തടയാന്‍ കെ.പി.സി.സി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനും ഡി.സി.സി പ്രസിഡന്റ് ജോയിക്കുമുള്ള ഒന്നാംന്തരം മറുപടിയായും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മാറി. ഡി.സി.സി നേതൃത്വത്തിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ , ഇനി ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുക എന്നത് , ജേയിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

പലസ്തീന്‍ റാലി നടത്തരുതെന്ന് പറഞ്ഞവര്‍ ഇസ്രയേലിന്റെ ചാരന്‍മാരാണെന്ന പ്രചരണവും കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളില്‍ ഇതിനകം തന്നെ വ്യാപകമാണ്. ഇതോടെ , കെ.പി.സി.സി നേതൃത്വവും വെട്ടിലായിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്തിനു പിന്നാലെയാണ് , പ്രവര്‍ത്തകരും അനുഭാവികളും നിലയുറപ്പിച്ചിരിക്കുന്നത്. അതാണ് റാലിയിലൂടെ ഇപ്പോള്‍ എ ഗ്രൂപ്പ് തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഡി.സി.സി പ്രസിഡന്റുമായും മുന്‍ മന്ത്രി എ പി അനില്‍ കുമാറുമായും , ഷൗക്കത്ത് വിഭാഗം ശക്തമായ ഭിന്നതയിലാണ് ഉള്ളത്. ജില്ലയിലെ പാര്‍ട്ടിയെ തകര്‍ക്കുന്ന ഏകാധിപത്യ നിലപാടാണ് ഇരുവരും സ്വീകരിക്കുന്നതെന്നാണ് ആരോപണം. ഈ ആരോപണമാണിപ്പോള്‍ റാലിയിലൂടെ പൊട്ടിത്തെറിയില്‍ കലാശിച്ചിരിക്കുന്നത്.

പലസ്തീന്‍ ഐക്യ ദാര്‍ഢ്യ റാലി നടത്തിയതിന് ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ , അതോടെ കോണ്‍ഗ്രസ്സിന്റെ അവസ്ഥ ദയനീയമാകും. അത്തരം ഒരു നീക്കമുണ്ടായാല്‍ , മലപ്പുറത്തു മാത്രമല്ല , സംസ്ഥാന വ്യാപകമായി തന്നെ വലിയ വിലയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിനു കൊടുക്കേണ്ടി വരിക. ഷൗക്കത്തിനെതിരെ നടപടി സ്വീകരിച്ചാല്‍ , അവശേഷിക്കുന്ന മുസ്ലിം ജനവിഭാഗവും ഇതോടെ കോണ്‍ഗ്രസ്സില്‍ നിന്നും അകലാനും സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ വിവിധ മുസ്ലിം മത സംഘടനകള്‍ ഗൗരവമായാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തരുതെന്ന ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭീഷണിയെ നോക്കി കാണുന്നത്. അപകടം തിരിച്ചറിഞ്ഞ പല കെ.പി.സി.സി ഭാരവാഹികളും, തങ്ങള്‍ റാലിക്ക് എതിരല്ലന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇതോടെ , കെ.പി.സി.സിയിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്. ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ തല തിരിഞ്ഞ നിലപാടാണ് , കോണ്‍ഗ്രസ്സിനെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. കെ.സുധാകരനെതിരെയും പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാണ്. ജില്ലയില്‍ ഒരു സ്വാധീനവും ഇല്ലാത്തവരുടെ കയ്യില്‍ , മലപ്പുറത്തെ പാര്‍ട്ടിയെ ഏല്‍പ്പിച്ച നേതൃത്വത്തിനുള്ള മറുപടി കൂടിയാണ് മലപ്പുറത്ത് നടത്തിയ പലസ്തീന്‍ ഐക്യ ദാര്‍ഢ്യ റാലിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പലസ്തീന്‍ റാലിയുടെ പേരില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നടത്തുന്ന ഭീഷണിയില്‍ , മുസ്ലീം ലീഗും കടുത്ത അതൃപ്തിയിലാണ് ഉള്ളത്. ആര്യാടന്‍ വിഭാഗത്തെ പിണക്കി മുന്നോട്ടു പോയാല്‍ , പൊന്നാനിയില്‍ തിരിച്ചടി ലഭിക്കുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.

നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ , 10,000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് , പൊന്നാനി ലോകസഭ മണ്ഡലത്തില്‍ യു.ഡി.എഫിനുള്ളത്. ആര്യാടന്‍ വിഭാഗം ഉടക്കിയാല്‍ , വണ്ടൂരിൽ നിന്നും നിയമസഭ കാണാനും ഇനി എ.പി അനില്‍കുമാറിനു കഴിഞ്ഞെന്നു വരില്ല. നിയമസഭയിലേക്ക് നിലമ്പൂരില്‍ നിന്നോ തവനൂരില്‍ നിന്നോ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ജോയിക്കും, ആര്യാടന്‍ വിഭാഗം ഉടക്കി നിന്നാല്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുക. ഒരു പിളര്‍പ്പിന്റെ വക്കിലേക്കാണ് നിലവില്‍ മലപ്പുറത്തെ കോണ്‍ഗ്രസ്സ് പോകുന്നത്. റാലി നടത്തരുതെന്ന കെ.പി.സി.സി മുന്നറിയിപ്പ് തള്ളിയ ആര്യാടന്‍ ഷൗക്കത്ത് വിഭാഗത്തിന്റെ ധൈര്യം, ജില്ലയിലെ കോണ്‍ഗ്രസ്സിലെ ശക്തമായ സ്വാധീനം തന്നെയാണ്. ഗ്രൗണ്ട് റിയാലിറ്റി തിരിച്ചറിഞ്ഞ കെ.പി.സി.സിയിലെ ഭൂരിപക്ഷ ഭാരവാഹികളും , റാലി വന്‍ വിജയമായതോടെ ആര്യാടന്‍ ഷൗക്കത്തിന് അനുകൂലമായ നിലപാടാണിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലും കെ.പി.സി.സി യിലും ഒറ്റപ്പെട്ട അവസ്ഥയിലാണ് ജോയിയും അനില്‍ കുമാറും ഉള്ളത്.

Top