നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ല; ചെന്നിത്തലക്കെതിരെ വിമര്‍ശനവുമായി കെപിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശനവുമായി കെപിസിസി. രമേശ് ചെന്നിത്തല നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ലെന്നും നയപരമായ കാര്യങ്ങളില്‍ പോലും ഒറ്റക്ക് തീരുമാനമെടുക്കുന്നുവെന്നുമാണ് വിമര്‍ശനം.

ലോകായുക്ത വിഷയത്തില്‍ നിരാകരണ പ്രമേയം പ്രഖ്യാപിച്ചത് കൂടിയാലോചനയില്ലാതെയാണെന്നും ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതൃത്വം അറിയിച്ചു. ഇക്കാര്യങ്ങള്‍ രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിച്ചേക്കും.

ലോകായുക്തക്കെതിരെ നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കേണ്ട കാര്യങ്ങള്‍ രമേശ് ചെന്നിത്തല പറയുമ്പോള്‍ അത് ആശയകുഴപ്പം ഉണ്ടാക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ പ്രതിപക്ഷ നേതാവോ കെപിപിസി പ്രസിഡണ്ടായ കെ സുധാകരനുമായോ പറയേണ്ട കാര്യങ്ങളില്‍ ഒറ്റക്ക് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികരിക്കുന്നുവെന്നതാണ് കെപിസിസി രമേശ് ചെന്നിത്തലക്കെതിരെ ഉയര്‍ത്തുന്ന പരാതി. നേതൃമാറ്റം മുതല്‍ തന്നെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് പരിഹരിച്ചുപോകുന്നതിനിടെയാണ് വീണ്ടും നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുയരുന്നത്.

Top