കെപിസിസി ജംബോ പട്ടിക; പ്രഖ്യാപനം ബുധനാഴ്ച, കെ.വി തോമസ് വര്‍ക്കിങ് പ്രസിഡന്റ് ?

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ഗ്രൂപ്പ് നേതാക്കള്‍ വഴങ്ങാത്ത സാഹചര്യത്തില്‍ ജംബോ പട്ടിക തന്നെയാകും പ്രഖ്യാപിക്കുക. നൂറോളം ഭാരവാഹികള്‍ ലിസ്റ്റില്‍ ഉണ്ടാകും.

കെപിസിസി പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവിയെച്ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടില്‍ സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ച് നിന്നു.എംഎല്‍എമാരും എംപിമാരും ഏറെ തിരക്കുള്ളവരാണെന്നും, അതിനാല്‍ പാര്‍ട്ടി ചുമതല കൂടി ഏറ്റെടുക്കുന്നത് അമിത ഭാരമാകുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്.ഹൈക്കമാന്‍ഡ് നിര്‍ദേശവും ഒരു പദവി എന്നത് തന്നെയായിരുന്നു. എന്നാല്‍ ഗ്രൂപ്പ് സമര്‍ദ്ദവും തര്‍ക്കം തുടര്‍ന്നാല്‍ പട്ടിക ഇനിയും വൈകുമെന്നതും മുല്ലപ്പള്ളി വഴങ്ങാന്‍ കാരണമായി. തുടര്‍ന്ന് ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം ഒഴിവാക്കി.

മുതിര്‍ന്ന നേതാവ് കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നാണു സൂചന. അദ്ദേഹത്തെ ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്.

അഞ്ചു വര്‍ക്കിംഗ് പ്രസിഡന്റുമാരും ആറു വൈസ് പ്രസിഡന്റുമാരും, 24 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണു പ്രധാന ഭാരവാഹിപ്പട്ടിക. കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും പുറമേ ഐ ഗ്രൂപ്പില്‍നിന്ന് വി.ഡി. സതീശനും എ ഗ്രൂപ്പില്‍നിന്ന് പി.സി. വിഷ്ണുനാഥും വര്‍ക്കിംഗ് പ്രസിഡന്റുമാരാകും.

Top