രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപകമായ പ്രതിഷേധം ഇന്ന്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ കെപിസിസിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസും പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ജാമ്യാപേക്ഷയുമായി മേല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നേതൃത്വം. വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് പറഞ്ഞു. ഗവര്‍ണറുടെ ഇടുക്കി സന്ദര്‍ശനത്തിന്റെ ശ്രദ്ധതിരിക്കാനാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഈ മാസം 22 വരെയാണ് സെഷന്‍സ് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തത്. കോണ്‍ഗ്രസിലെയും യുഡിഎഫിലെയും മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ ജയിലിലെത്തി സന്ദര്‍ശിച്ചു.

Top